റെയിൽവേ ഭൂമിയിലെ വൻമരം കടപുഴകി: സ്കൂളിന്റെ മതിലും വാഹനഷെഡും ശുചിമുറിയുടെ മേൽക്കൂരയും തകർന്നു
Mail This Article
കൊട്ടാരക്കര∙ റെയിൽവേ ഭൂമിയിലെ വൻമരം കടപുഴകി കൊട്ടാരക്കര മന്നം മെമ്മോറിയൽ ഇംഗ്ലിഷ് മീഡിയം എൽപി സ്കൂളിന്റെ മതിലും വാഹനഷെഡും ശുചിമുറിയുടെ വശത്തെ മേൽക്കൂരയും തകർന്നു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാലപ്പഴക്കം വന്ന പെരുമരമാണ് വീണത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം.സ്കൂൾ സമയമല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പകൽ കുട്ടികൾ കളിക്കാനും കൈ കഴുകാനും പരിസരങ്ങളിലേക്ക് പോകാറുണ്ടായിരുന്നു. സ്കൂൾ കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും ഭീഷണിയായി ഒട്ടേറെ വൻ മരങ്ങളാണുള്ളത്. റെയിൽവേ സ്റ്റേഷനോട് ചേർന്ന് ഓടിട്ട കെട്ടിടങ്ങളിലാണ് എൽകെജി,യുകെജി ക്ലാസുകൾ പ്രവർത്തിക്കുന്നത്. 150 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ്.
റെയിൽവേക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു.മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈ 31നും മധുര റെയിൽവേ ഡിവിഷന് കത്ത് നൽകിയിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോൾ ആശങ്കയിലാണ് അധികൃതർ.
സ്റ്റേഷൻ പരിസരത്തെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ അടക്കം കാട് കയറിയ നിലയിലാണ്. മരങ്ങൾ മുറിച്ച് നീക്കാൻ കരാർ നടപടികൾ ആരംഭിച്ചതായും വൈകാതെ നീക്കം ചെയ്യുമെന്നാണ് റെയിൽവേ പറയുന്നത്.