51 ലക്ഷത്തിന്റെ സംസ്കരണ പ്ലാന്റ് പണിതു, പിന്നാലെ ദേശീയപാത നിർമാണം; ഉദ്ഘാടനത്തിനു മുൻപു പൊളിച്ചു
Mail This Article
കരുനാഗപ്പള്ളി ∙ താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യം സംസ്കരിച്ചു വളം ആക്കുന്നതിനും വെള്ളം ശുദ്ധീകരിച്ചു വീണ്ടും ശുചിമുറികളിൽ ഉപയോഗിക്കുന്നതിനുമായി 51 ലക്ഷം രൂപ അടങ്കൽ തുകയിൽ നിർമിച്ച ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ഉദ്ഘാടനം നടക്കും മുൻപു പൊളിക്കേണ്ടി വന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായാണു പ്ലാന്റ് പൊളിച്ചു നീക്കുന്നത്. 2016 – 17 കാലയളവിലാണു താലൂക്ക് ആശുപത്രിയിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിക്കാൻ ടെൻഡർ ചെയ്തു പണി ആരംഭിച്ചത്.
താലൂക്ക് ആശുപത്രി കോംപൗണ്ടിൽ ദേശീയപാതയുടെ വികസനത്തിനു വേണ്ടി എടുക്കുന്ന സ്ഥലത്തിനോടു ചേർന്നു പ്ലാന്റ് നിർമിച്ചാൽ പാതയുടെ വീതി കൂട്ടി നിർമാണം ആരംഭിക്കുമ്പോൾ പൊളിക്കേണ്ടി വരുമെന്നും അതിനാൽ കുറെ കൂടി മാറ്റി ഇതു നിർമിക്കണമെന്നും ജനസഹായി വിവരാവകാശ നിയമ ഫോറം അടക്കമുള്ള വിവിധ സംഘടനകൾ അന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം ഉന്നയിച്ച് റോഡ് വിഭാഗം എഇ, എഎക്സ്ഇ, മുനിസിപ്പൽ എൻജിനീയർ എന്നിവരുടെ ശ്രദ്ധയിൽ വിഷയം വരുന്ന തരത്തിൽ പരാതിയും നൽകി. എന്നാൽ ഇവരൊന്നും തന്നെ ഇതു മുഖവിലയ്ക്കെടുക്കാതെ പ്ലാന്റ് നിർമാണം തുടർന്നു. സർക്കാരിന്റെ ഖജനാവിലെ ലക്ഷങ്ങളാണ് ഇതുമൂലം നഷ്ടമായിരിക്കുന്നത് എന്നു പൊതുപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
പൊളിക്കേണ്ടി വരുമെന്ന മുന്നറിയിപ്പു നൽകിയിട്ടും അതു പരിഗണിക്കാതെ പ്ലാന്റ് നിർമിക്കാൻ കൂട്ടു നിന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് നിർമാണച്ചെലവ് ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണു ജനസഹായി വിവരാവകാശ നിയമ ഫോറം.