അയൽവാസിയെ കുത്തിപ്പരുക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ
Mail This Article
പൂയപ്പള്ളി ∙അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പൂയപ്പള്ളി മുള്ളുകാടിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം മുഖത്തല നടുവിലക്കര ആരാധനാ ഭവനിൽ വീനീത് (27) ആണ് അറസ്റ്റിലായത്. വിനീതിന്റെ തൊട്ടടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബേബി എന്ന് വിളിക്കുന്ന ലാലുവിനാണ് (45) കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ലാലു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
2 ദിവസം മുൻപ് ഉച്ചയോടെയാണ് സംഭവം. ഇരുവരും കുടുംബസമേതമാണ് വാടകവീട്ടിൽ താമസിക്കുന്നത്. വിനീത് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മുഖത്തലയിൽ നിന്നും വീട്ടുകാരുമായി പിണങ്ങി പൂയപ്പള്ളിയിൽ താമസിച്ചു വരുന്ന ഇയാൾ മിക്ക ദിവസങ്ങളിലും നാട്ടുകാരുമായി വഴക്കുണ്ടാക്കുന്നത് പതിവാണ്. പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ടി.ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ രജനീഷ് , ബാലാജി എസ് കുറുപ്പ്, എഎസ്ഐ. അനിൽ കുമാർ , സി.പിഒ മാരായ സാബു , വിപിൻ , റിജു, ബിനീഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിനീതിനെ റിമാൻഡ് ചെയ്തു.