കരനെല്ലല്ല, ഇത് കരിനെല്ല് ! കേരളത്തിൽ അത്യപൂർവമായ കറുത്ത നെല്ല്
Mail This Article
പുത്തൂർ∙ പച്ചപ്പരവതാനിക്കു മേൽ കരിമണികൾ വിതറിയ പോലെ ഒരു നെൽപ്പാടം..! കനംതൂങ്ങിയ കതിർക്കുലകൾക്കൊക്കെ കറുപ്പു നിറം. പൂവറ്റൂർ തെങ്ങുംതറ ഏലായിലാണ് ഈ അപൂർവ കാഴ്ച. ഏതോ രോഗം വന്നു നെൽക്കതിരുകൾ കറുപ്പണിഞ്ഞതാകാം എന്നായിരുന്നു ചിന്ത. പക്ഷേ പിന്നീടാണ് മനസ്സിലായത് നിലയും വിലയും കൂടിയ അസ്സൽ കരിനെല്ലാണിതെന്ന്. ചെങ്ങന്നൂർ ഗവ.ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടറായി ജോലി നോക്കുമ്പോഴും നെൽക്കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന പൂവറ്റൂർ ശ്യാമളത്തിൽ ബി.സുബിത്താണ് തെങ്ങുംതറ ഏലായെ നെൽക്കൃഷി കൊണ്ടു കറുപ്പ് ഉടുപ്പിച്ചത്.
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കരിനെൽക്കൃഷി കൂടുതലും. മണിപ്പൂരിനാണ് കുത്തക. ‘ചക് ഹാവോ’ എന്നാണ് അവിടെ അറിയപ്പെടുന്നത്. കറുപ്പു കവുണി എന്ന പേരിൽ തമിഴ്നാട്ടിലും അങ്ങിങ്ങായി ഈയിനം കൃഷി ചെയ്യുന്നുണ്ട്. സുബിത്തിന്റെ നെൽക്കൃഷിയോടുള്ള പ്രണയം കണ്ടു സുഹൃത്തും അസം റൈഫിൾസിലെ സൈനികനുമായ രത്നാകരൻ നാഗാലാൻഡിൽ നിന്നു കൊണ്ടു വന്ന അര കിലോയോളം നെൽവിത്താണ് കൃഷിയുടെ തുടക്കം. അതു വിത്തിനു വേണ്ടി വിതച്ചു വിളവെടുത്താണു ഇപ്പോൾ അരയേക്കറോളം സ്ഥലത്തു കൃഷിയിറക്കിയത്. നെൽച്ചെടികൾക്ക് ആറടിയോളം ഉയരമുണ്ട്. ദൂരക്കാഴ്ചയിൽ കരിമ്പിൻതോട്ടം എന്നു തോന്നിപ്പോകും. ഈ വർഷം മേയിലാണ് കൃഷിയിറക്കിയത്. രണ്ടാഴ്ച കഴിഞ്ഞാൽ കൊയ്യാം.
നെല്ലിനു മാത്രമല്ല ഓലയ്ക്കും കടയ്ക്കും കറുപ്പുരാശി കലർന്ന നിറമാണ്. സാധാരണ ഇനങ്ങളെ അപേക്ഷിച്ചു പല മടങ്ങാണ് ഇതിന്റെ വില എന്നു സുബിത്ത് പറയുന്നു. നെല്ലിനു മാത്രമല്ല അരിക്കും കറുപ്പു നിറമാണ്. വേവിക്കുമ്പോൾ പർപ്പിൾ നിറത്തിലേക്കു മാറും. കറുത്ത മുന്തിരിക്കും ഞാവൽപ്പഴത്തിനും കടും വയലറ്റ് നിറം കൊടുക്കുന്ന ആന്തോസയാനിൻ എന്ന ഘടകമാണ് ഇതിന്റെയും നിറത്തിനു കാരണം.ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പണ്ട്, ഉന്നതശ്രേണിയിൽപ്പെട്ടവർ കൃഷി ചെയ്തിരുന്ന ഇതു മറ്റുള്ളവർക്കു കൃഷി ചെയ്യാൻ പോലും അവകാശമില്ലായിരുന്നു. അതിനാൽ വിലക്കപ്പെട്ട അരി എന്ന ഓമനപ്പേരും വീണു.
സുബിത്തിനു കൃഷിവകുപ്പിന്റെ എല്ലാ പ്രോത്സാഹനങ്ങളും കുളക്കട കൃഷി ഓഫിസർ ഡി.സതീഷ്കുമാറിന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. തെങ്ങുംതറ ഏലായിൽ വേറെ രണ്ടേക്കർ സ്ഥലത്ത് കണി ചെമ്പാവ്, കശ്മീരി ബിരിയാണി എന്നീ നെല്ലിനങ്ങളും സുബിത്ത് കൃഷി ചെയ്യുന്നുണ്ട്. അപൂർവ ഇനങ്ങളായ രക്തശാലി , കൃഷ്ണ കൗമോദ് നെല്ലിനങ്ങൾ ഇതിനു മുൻപ് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. അച്ഛന്റെ കൃഷിപ്രേമത്തിന് ഒപ്പം കൂടിയ മൂത്ത മകൻ അഗ്നിഭഗത്തിനായിരുന്നു ഈ വർഷം കുളക്കട പഞ്ചായത്തിലെ മികച്ച വിദ്യാർഥി കർഷകനുള്ള പുരസ്കാരം. ഭാര്യ അപർണയും ഇളയ മകൾ അഗ്നിജ തൻവിയും സഹായവുമായി ഒപ്പമുണ്ട്. നെൽക്കൃഷിക്കു പുറമേ പാട്ടത്തിനെടുത്ത പത്തേക്കറോളം സ്ഥലത്ത് പച്ചക്കറി, വാഴ, പുഷ്പകൃഷി എന്നിവയാണു സുബിത്തിന്റെ മറ്റു കാർഷിക പരീക്ഷണങ്ങൾ.