ADVERTISEMENT

കൊല്ലം ∙ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎലിൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) വിജിലൻസിന്റെ മിന്നൽ പരിശോധന. വിവിധ കരാറുകളിലും ഇടപാടുകളിലും അരങ്ങേറിയ ക്രമക്കേടുകൾ ‘മനോരമ’ പുറത്തു കൊണ്ടുവന്നതിനെത്തുടർന്നാണ് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ നിർദേശ പ്രകാരം പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധന. കൊല്ലം വിജിലൻസ് യൂണിറ്റിൽ നിന്നുള്ള 10 അംഗ സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ പത്തരയോടെ ആരംഭിച്ച പരിശോധന 8 മണിക്കൂറിലേറെ നീണ്ടു.

ആസിഡ് റീജനറേഷൻ പ്ലാന്റ് ആധുനീകരിക്കാൻ ഡൽഹി കമ്പനിക്കു നൽകിയ 39.54 കോടിയുടെ കരാർ, കെട്ടിക്കിടക്കുന്ന അയേൺ ഓക്സൈഡ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു കൊച്ചിയിലെ കമ്പനിക്കു നൽകിയ കരാർ, പ്രധാന ഉൽപന്നമായ ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കുന്ന ബാഗുകൾ വാങ്ങിയത് ഉൾപ്പെടെയുള്ള ഇടപാടുകൾ തുടങ്ങിയവയുടെ രേഖകൾ വിജിലൻസ് ശേഖരിച്ചു. വിവിധ വകുപ്പു മേധാവികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ തേടി.

ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദിപ്പിക്കുമ്പോൾ പുറന്തള്ളുന്ന അയേൺ ഓക്സൈഡ് മൂലമുള്ള മലിനീകരണം തടയാനുള്ള പദ്ധതിക്ക് ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിക്കു മാനദണ്ഡങ്ങൾ ലംഘിച്ചു കരാർ നൽകിയതു വഴി കെഎംഎംഎലിനു കോടികൾ നഷ്ടമാകുന്നതു ‘മനോരമ’ പുറത്തു കൊണ്ടുവന്നിരുന്നു. ടണ്ണിന് പതിനായിരത്തോളം രൂപ വീതം അങ്ങോട്ടു നൽകി അയേൺ ഓക്സൈഡ് മാലിന്യങ്ങൾ നീക്കം ചെയ്യാൻ കൊച്ചി ആസ്ഥാനമായ കേരള എൻവയോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനു (കെയ്‌ൽ) കരാർ നൽകിയതിലും വൻ ക്രമക്കേടുണ്ടെന്ന വിവരവും പുറത്തുവന്നു.

ഒഡീഷയിലെ സ്വകാര്യ കമ്പനിയിൽ നിന്നു പ്രോഡക്ട് ബാഗ് വാങ്ങിയതിലും കോവിഡിന്റെ മറവിൽ കാൽസൈൻഡ് പെട്രോളിയം കോക്ക്, നോൺ പൾവറൈസ്ഡ് ഫ്യുവൽ ഗ്രേഡ് പെട്രോളിയം കോക്ക് എന്നിവ വൻ വിലയ്ക്കു വാങ്ങിയതിലും കോടികൾ നഷ്ടമായി. ഏറ്റവുമൊടുവിൽ, കമ്പനിയിൽ നിന്നു വിവരങ്ങൾ ചോരുന്നതു തടയാൻ ചെയർമാൻ, മാനേജിങ് ഡയറക്ടർ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ എന്നിവർക്കായി ആപ്പിൾ ഐ പാഡ് വാങ്ങിയതിലും ക്രമക്കേട് അരങ്ങേറി. അതേസമയം, ഇടപാടുകളിൽ ക്രമക്കേട് ഇല്ലെന്നു വരുത്താനുള്ള നീക്കം ഉന്നതതലത്തിൽ നടക്കുന്നതായും വിവരമുണ്ട്.

English Summary:

A surprise vigilance raid was conducted at KMML in Chavara following media reports of corruption and irregularities in contracts. The eight-hour long inspection was led by a 10-member team from the Kollam Vigilance Unit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com