പ്രഖ്യാപനങ്ങൾ ഒട്ടേറെ; നടപ്പായതിന്റെ എണ്ണം വളരെ കുറവ്
Mail This Article
കൊട്ടാരക്കര ∙ പ്രഖ്യാപനങ്ങൾക്കും ഫണ്ട് വാഗ്ദാനങ്ങൾക്കും യാതൊരു കുറവും ഇല്ല. പക്ഷേ, വികസനമൊന്നും നാട്ടിലെത്തുന്നില്ല. അണിയറയിൽ കോടികളുടെ വികസന പദ്ധതികൾക്കു രൂപം നൽകിയെന്നാണു സ്ഥലം എംഎൽഎയായ മന്ത്രിയുടെയും ഇതര വകുപ്പ് ഉദ്യോഗസ്ഥരുടെയും അവകാശവാദം. പൊലീസ് സ്റ്റേഷൻ, റജിസ്ട്രാർ ഓഫിസ് പുതിയ കെട്ടിടങ്ങളും കുറച്ചു റോഡുകളും നന്നാക്കിയതും ഒഴിവാക്കിയാൽ ഭൂരിഭാഗം വാഗ്ദാനങ്ങളും നടപ്പായിട്ടില്ല. അടിസ്ഥാന വികസന പദ്ധതികളാണു നടപ്പിലാക്കാത്തതിൽ ഏറെയും. കൊട്ടാരക്കര ദശാബ്ദങ്ങളായി നേരിടുന്ന ഗതാഗതകുരുക്ക് അനുദിനം വർധിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കേണ്ട പദ്ധതികൾ പോലും നിർമാണം നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഇടിസി - സിനിമാപറമ്പ് റിങ് റോഡ്, നെടുവത്തൂർ - കിഴക്കേത്തെരുവ് റിങ് റോഡ് എന്നിവയുടെ നിർമാണം പാതിവഴിയിൽ നിലച്ചു.
പല റോഡുകളും തകർന്നു. ടൗണിനു ചുറ്റും ഉള്ള ഇടറോഡുകൾ പോലും തകർന്നടിഞ്ഞു. വൻ ജനകീയ പ്രക്ഷോഭത്തെത്തുടർന്നാണു മുസ്‌ലിം സ്ട്രീറ്റ് ഭാഗത്തെ തകർച്ച പരിഹരിച്ചത്. കരാറുകാർ ഏറ്റെടുക്കാനില്ലാതെ മുപ്പതോളം ഗ്രാമീണ റോഡുകൾ പൂർണ തകർച്ച നേരിടുന്നു. 69 കോടി രൂപ ചെലവിൽ 5 വർഷം മുൻപു നിർമാണം ആരംഭിച്ചതാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രി നവീകരണം. ഒരു കെട്ടിടം പൂർത്തിയാക്കി. ഒന്നര വർഷം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കി ആശുപത്രിയെ രാജ്യാന്തര നിലവാരത്തിലെത്തിക്കുമെന്നായിരുന്നു ഉറപ്പ്. ഇഴയുന്ന കെട്ടിട നിർമാണം ആശുപത്രിയുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു. കൂടാതെ ആശുപത്രിയിൽ മതിയായ ഡോക്ടർമാരോ ജീവനക്കാരോ ഇല്ല.10 കോടി രൂപ അനുവദിച്ചെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും കൊട്ടാരക്കര ഗവ. ആയുർവേദ ആശുപത്രി വികസനം ആരംഭിച്ചിട്ടില്ല. ഇപ്പോൾ പ്രവർത്തനം തകർന്ന കെട്ടിടങ്ങളിലാണ്.
100 കോടി രൂപ ചെലവിൽ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും സമീപത്തെ ക്ഷേത്രങ്ങളും ഉൾപ്പെടുത്തി വൻ വികസന പദ്ധതി നടപ്പാക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഇതും എങ്ങും എത്തിയില്ല. കൊട്ടാരക്കര വിദ്യാഭ്യാസ സമുച്ചയത്തിനു പണം അനുവദിച്ചെങ്കിലും കെട്ടിടത്തിന്റെ കമ്പികൾ ഉയർന്നു നിൽക്കുന്നതല്ലാതെ നിർമാണം പുരോഗമിക്കുന്നില്ല. 30 കോടി രൂപ അനുവദിച്ച കൊട്ടാരക്കര - നെടുവത്തൂർ ശുദ്ധജല പദ്ധതി ഇപ്പോൾ ശരിയാകുമെന്നു പറഞ്ഞിട്ട് 3 വർഷമായി. പൈപ്പ് പോലും ഇട്ടില്ല. ധനമന്ത്രിയുടെ ആദ്യ ബജറ്റിൽ 2 കോടി രൂപ അനുവദിച്ച ആർ.ബാലകൃഷ്ണ പിള്ള ശരിയാകുമോ എന്ന് ഒരു ഉറപ്പും ഇല്ല. കൊട്ടാരക്കര തമ്പുരാൻ സാംസ്കാരിക നിലയത്തിനു 2 കോടി അനുവദിച്ചെന്ന പ്രഖ്യാപനം അധികൃതർ മറന്ന മട്ടാണ്.
എംസി റോഡ്, ദേശീയപാത വിപുലീകരണത്തിനു ബജറ്റിൽ അനുവദിച്ച പണം എവിടെ പോയെന്ന് അറിയില്ല. കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തിൽ കഥകളി പഠന ഗവേഷണ കേന്ദ്രത്തിനു ബജറ്റിൽ 2 കോടി രൂപ വകയിരുത്തിയിരുന്നു. മീൻപിടിപ്പാറ, മുട്ടറ മരുതിമല ഉൾപ്പെടുന്ന ജൈവ വൈവിധ്യ സർക്യൂട്ട് രൂപീകരണം ഫയലിൽ ഒതുങ്ങി. കൊട്ടാരക്കരയിലെ എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലം നിർമാണത്തിന് 2 കോടി രൂപ വീതം അനുവദിച്ചെന്നായിരുന്നു പ്രഖ്യാപനം. അതും വാചകം മാത്രമായി എന്നു നാട്ടുകാർ ആരോപിച്ചു. ഇനിയും പ്രഖ്യാപനങ്ങൾ ഒട്ടേറെയുണ്ട്. എംസി റോഡ് മേൽപ്പാലത്തിനു പകരം സമാന്തര പാത നിർമിക്കാനുള്ള തീരുമാനവും വൈകുന്നു. എന്നു നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥർക്കു പോലും നിശ്ചയമില്ല.