അരനൂറ്റാണ്ടിനിപ്പുറം ഓർമകളുടെ മുറ്റത്ത് സുരേഷ് ഗോപി; സദസ്സിൽ ചിരിയുയർത്തി സിനിമ സ്റ്റൈൽ ഡയലോഗ്
Mail This Article
കൊല്ലം ∙ അരനൂറ്റാണ്ടിനിപ്പുറം കേന്ദ്രമന്ത്രിയായി തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂൾ മുറ്റത്ത് എത്തിയപ്പോൾ സുരേഷ് ഗോപി വീണ്ടും ആ സ്കൂളിലെ വിദ്യാർഥിയായി. പൂർവ വിദ്യാർഥി സംഘടന ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഓരോ അധ്യാപകരെയും അവരുടെ സേവനങ്ങളെയും പേരെടുത്തു പറഞ്ഞായിരുന്നു പ്രസംഗം. ജീവിതം ഓരോ നിമിഷവും ആഘോഷമാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
അധ്യാപകർക്ക് ഇരട്ടപ്പേര് ഇടാത്ത വിദ്യാർഥികൾ വിദ്യാർഥികളല്ല. എൽകെജിയിൽ പഠിക്കുമ്പോൾ അച്ചുകുത്താൻ എത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ കാണുമ്പോൾ അലറിക്കരയുന്ന കുട്ടികളെ മാറോടു ചേർത്തു കരയരുതെന്നു പറയുന്ന ഗ്രേസ് ടീച്ചറെ സ്നേഹത്തോടെ ഓർക്കുന്നു. അച്ചുകുത്തുന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ കണ്ടാൽ ‘കുനിച്ചു നിർത്തി കൂമ്പിനിടിക്കും’ എന്ന സിനിമ സ്റ്റൈൽ ഡയലോഗിൽ സദസ്സിൽ ചിരിയുയർന്നു. താൻ പഠിച്ച കാലത്തു പ്രിൻസിപ്പലായിരുന്ന ഫാ. തോമസ് തുണ്ടിയിലിനെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ ചൂരൽ കഷായത്തിന്റെ നോവും മനസ്സിൽ നിൽക്കുന്നു. പണ്ട് സ്കൂളിൽ കയ്യടിയുടെ എണ്ണത്തിനു വരെ നിയന്ത്രണമുണ്ടായിരുന്നു. കയ്യടിച്ച് ആഘോഷമാക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടപ്പോൾ കുട്ടിക്കൂട്ടം കയ്യടിച്ച് ആരവത്തോടെ ആ വാചകങ്ങളെ സ്വീകരിച്ചു.
1974–75 വർഷമാണു സുരേഷ് ഗോപിൽ പത്താം ക്ലാസ് പഠിച്ചിറങ്ങിയത്. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി, സ്‌കൂൾ മുൻ പ്രിൻസിപ്പൽ റവ. ഡോ. ഫെർഡിനാന്റ് കായാവിൽ, സുരേഷ് ഗോപിയുടെ സഹപാഠി വസന്ത്കുമാർ സാംബശിവൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, പൂർവ വിദ്യാർഥി പ്രതിനിധി നൗഷാദ് യൂനുസ്, പിടിഎ പ്രസിഡന്റ് പൂജ ഷിഹാബ്, പൂർവ വിദ്യാർഥി സംഘടന ജനറൽ സെക്രട്ടറി ക്ലോഡിയസ് പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. സ്വീകരണ സമ്മേളനത്തിനു മുൻപു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സുരേഷ് ഗോപി നിർവഹിച്ചു. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ശില ആശീർവദിച്ചു.
ബിഷപ് ഹൗസ് സന്ദർശിച്ചു
കൊല്ലം∙ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൊല്ലം ബിഷപ് ഹൗസ് സന്ദർശിച്ചു. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, മുൻ ബിഷപ് സ്റ്റാൻലി റോമൻ, മറ്റു പ്രധാന വൈദികർ തുടങ്ങിയവരുമായി സംവദിച്ചു. ഇൻഫന്റ് ജീസസ് സ്കൂൾകാല അനുഭവങ്ങൾ ബിഷപുമാരുമായും വൈദികരുമായും പങ്കുവച്ചു. ബിഷപ് ഹൗസിലെ പ്രഭാത ഭക്ഷണത്തിനു ശേഷമാണു സ്വീകരണ ചടങ്ങിന് എത്തിയത്.
ഫാത്തിമ മാതാ കോളജിലും ആദരം
പൂർവ വിദ്യാർഥികളായ സുരേഷ് ഗോപി, എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.നൗഷാദ് എംഎൽഎ എന്നിവർക്ക് ഫാത്തിമ മാതാ നാഷനൽ കോളജിലും ആദരമേകി. പ്രിൻസിപ്പൽ സിന്തിയ കാതറിൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി, മുൻ അധ്യാപകൻ പ്രഫ. സീസർ ആന്റണി, വൈസ് പ്രൻസിപ്പൽമാരായ ഡോ.ബിജുമാത്യു, എം.ആർ.ഷെല്ലി എന്നിവർ പ്രസംഗിച്ചു. മുൻ പ്രിൻസിപ്പൽ എ.ജെ.റൊസാരിയോ സ്മാരക എൻഡോവ്മെന്റ് സുരേഷ് ഗോപി വിതരണം ചെയ്തു