പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു; വൈദ്യുതോൽപ്പാദനം പീക് ടൈമിൽ മാത്രമായി പരിമിതപ്പെടുത്തി
Mail This Article
തെന്മല ∙ കല്ലട പരപ്പാർ അണക്കെട്ടിന്റെ ജലസംഭരണ ശേഷിയിൽ പ്രകടമായ കുറവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജലനിരപ്പിൽ 3.66 മീറ്ററിന്റെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 110.44 മീറ്റർ വെള്ളം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 106.78 മീറ്റർ ആണു ജലനിരപ്പ്. അണക്കെട്ടിൽ ശരാശരി ജലലഭ്യത ഉറപ്പു വരുത്തുന്ന റൂൾ കർവ് അനുസരിച്ച് ഒക്ടോബറിൽ ജലനിരപ്പ് 110 മീറ്റർ വേണ്ട ഇടത്താണു ഈ കുറവ് രേഖപ്പെടുത്തിയത്. ജലലഭ്യത കുറഞ്ഞതോടെ കെഎസ്ഇബിയുടെ കല്ലട പവർ ഹൗസിൽ വൈദ്യുതോൽപ്പാദനം പീക് ടൈമിൽ മാത്രമായി പരിമിതപ്പെടുത്തി. ദിവസവും ശരാശരി 4 മണിക്കൂർ മാത്രമാണു വൈദ്യുതോൽപ്പാദനം.
തുലാവർഷം സജീവമാകുന്നതോടെ മാത്രമേ കല്ലടയാറ്റിലും പോഷകനദികളിലും ജലലഭ്യത കൂടുകയുള്ളു. വൈദ്യുതോൽപ്പാദനം പരിമിതപ്പെടുത്തിയതോടെ ജലനിരപ്പിൽ ചെറിയ തോതിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്ണ്ട്. പവർ ഹൗസിൽ നിന്നു വെള്ളം ഒഴുക്കൽ പരിമിതപ്പെടുത്തിയതോടെ അണക്കെട്ടിനു താഴെ ഭാഗത്തേക്കുള്ള വെള്ളം ഒഴുക്കും തടസ്സപ്പെട്ടു. ഒറ്റക്കൽ തടയണയിലേക്ക് ഉള്ള വെള്ളം ഒഴുക്കും നിലച്ചു. കല്ലടയാറ്റിലെ ജലലഭ്യത കുറഞ്ഞതോടെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പു ക്രമാതീതമായി താഴുകയാണ്. കളങ്കുന്നിൽ വെള്ളം താഴ്ന്നതോടെ കുന്നുകളും മണൽത്തിട്ടകളും തെളിഞ്ഞു. വെള്ളം കുറവാണെങ്കിലും പള്ളംവെട്ടി തടയണയിലെ ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം എന്നിവയുടെ ബോട്ട് സവാരിക്കു തടസ്സമില്ല. ഇവിടെ കുട്ടവഞ്ചി സവാരിയും ഉണ്ട്.