ഹോർത്തൂസിന്റെ സന്ദേശവുമായി അക്ഷരപ്രയാണം ഇന്ന് കൊല്ലത്ത്
Mail This Article
കൊല്ലം∙ മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ട് ഒരുക്കുന്ന സാഹിത്യ –സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്റെ സന്ദേശവുമായുള്ള അക്ഷര പ്രയാണം ഇന്ന് ജില്ലയിൽ. കഥകളിയും കഥാപ്രസംഗവും നാടകവും സാഹിത്യവും തഴച്ചുവളർന്ന കൊല്ലത്തിന്റെ മണ്ണിൽ 2 കേന്ദ്രങ്ങളിലാണ് അക്ഷര പ്രയാണത്തിന്റെ പര്യടനം. വിദ്യാഭ്യാസ, രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ പ്രോജ്വല ചരിത്രമുള്ള, മഹാകവി ഒഎൻവി കുറുപ്പ്, കെ.പി അപ്പൻ ഉൾപ്പെടെയുള്ള പ്രതിഭകളുടെ ഓർമകളുറങ്ങുന്ന കൊല്ലം എസ്എൻ കോളജ്, സാംസ്കാരിക പ്രവർത്തനത്തിന്റെ സജീവ ഇടമായ ചവറ വികാസ് കലാ–സാംസ്കാരിക സമിതി എന്നിവിടങ്ങളിലാണ് അക്ഷര പ്രയാണം എത്തുക.
രാവിലെ 10 ന് എസ്എൻ കോളജിൽ എത്തുന്ന അക്ഷര പ്രയാണത്തിനു പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും വരവേൽപ് നൽകും. കഥാ– തിരക്കഥാകൃത്തും സംവിധായകനും ചലച്ചിത്ര നടനും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ മുഖ്യാതിഥിയാകും. കോളജ് വിദ്യാർഥികളുടെ കലാപ്രകടനങ്ങളും നടക്കും. തുടർന്ന് ചവറ വികാസിലേക്ക് പ്രയാണം. 11.30ന് വികാസിൽ എത്തിച്ചേരും. എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിലാണ് അക്ഷര പ്രയാണം എത്തുന്നത്. ഈ കേന്ദ്രങ്ങളിൽ നിന്നെല്ലാം സ്വീകരിക്കുന്ന 56 അക്ഷരങ്ങൾ കോഴിക്കോട്ട് ഹോർത്തൂസിന്റെ പ്രധാന വേദിയിൽ സ്ഥാപിക്കും.
രാജ്യത്തിന് അകത്തുനിന്നും വിദേശത്തു നിന്നുമുള്ള മുന്നൂറിലധികം എഴുത്തുകാർ 130 സെഷനുകളിൽ പങ്കെടുക്കും. കോഴിക്കോട് ബീച്ചിൽ, ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിൽ 44 കലാപ്രവർത്തകർ ഒരുക്കുന്ന ആർട്ട് പവിലിയൻ, മൂന്നു ലക്ഷത്തിലേറെ പുസ്തകങ്ങളുമായി മെഗാ പുസ്തകമേള, സാഹിത്യ സംവാദങ്ങൾ, കുട്ടികൾക്കുള്ള വിനോദ വിജ്ഞാന പരിപാടികൾ, കൊറിയൻ പാചക വിദഗ്ധർ നയിക്കുന്ന കുക്ക് സ്റ്റുഡിയോ, സ്റ്റാൻഡ് അപ് കോമഡി, സംഗീത നിശകൾ തുടങ്ങിയവയും ഹോർത്തൂസിന്റെ ഭാഗമായി നടക്കും.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.