കരാർ വാഹനക്കാരുടെ സമരം: മിൽമ പാൽ വിതരണം മുടങ്ങി
Mail This Article
കൊല്ലം ∙ കരാർ വാഹന തൊഴിലാളികളുടെ സമരം മൂലം മിൽമ പാൽ വിതരണം മുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന 75,000 ലീറ്റർ പാൽ വിതരണമാണു മുടങ്ങിയത്. പ്രശ്നം പരിഹരിക്കാൻ രാത്രി വൈകിയും ശ്രമം നടക്കുകയാണ്. വിജയിച്ചില്ലെങ്കിൽ ഇന്നു പുലർച്ചെയുള്ള പാൽ വിതരണവും തടസ്സപ്പെടും. ഏജൻസികളിൽ നിന്നു പാൽ ബുക്കിങ് ഇനത്തിൽ കൊടുത്തുവിട്ട തുക അടയ്ക്കാതിരുന്ന കരാർ വാഹനത്തിലെ ജീവനക്കാർക്കെതിരെ പണാപഹരണത്തിന് വെസ്റ്റ് പൊലീസിൽ പരാതി നൽകിയതാണ് മിന്നൽ പണിമുടക്കിന് കാരണമെന്ന് മിൽമ അധികൃതർ പറഞ്ഞു. കേരളപുരം റൂട്ടിൽ പാൽവിതരണം നടത്തുന്ന വാഹനത്തിലെ 2 ജീവനക്കാർക്ക് എതിരെയാണ് പരാതി നൽകിയത്.
ബിഎംഎസ്, സിഐടിയു യൂണിയനുകളാണ് സമരത്തിൽ. സമരത്തെ തുടർന്നു കൊല്ലം ഡെയറി മാനേജർ ഡോ. ജീജോർജിന്റെ സാന്നിധ്യത്തിൽ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി. ഏജൻസിയിൽ നിന്നു ലഭിച്ച മുഴുവൻ തുകയും പിഴയും മിൽമയിൽ അടച്ചാൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാം എന്നു മാനേജ്മെന്റ് ഉറപ്പു നൽകി. എന്നാൽ ഇതേ രീതിയിൽ പണാപഹരണവും പാൽ മോഷണവും നടത്തിയതിനെ തുടർന്നു നേരത്തെ പുറത്താക്കിയവരെയും കഴിഞ്ഞ ദിവസം സമാന കുറ്റം ചെയ്തവരെയും തിരികെ എടുക്കണമെന്ന നിലപാടിൽ യൂണിയൻ നേതാക്കൾ ഉറച്ചു നിന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു.
ജില്ലയെ പ്രതിനിധീകരിക്കുന്ന മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ സാന്നിധ്യത്തിൽ 28ന് ചർച്ച ചെയ്തു വിഷയം പരിഹരിക്കാമെന്നു ഉറപ്പു നൽകിയെങ്കിലും അംഗീകരിക്കാതെ സമരം തുടരുകയാണ്. നേരത്തെ പണാപഹരണം നടത്തിയ കരാർ വാഹന ജീവനക്കാരനെതിരെ കേസ് എടുത്ത് റിമാൻഡ് ചെയ്തിരുന്നു. സമരത്തെ തുടർന്നു നഗരത്തിലും പ്രാന്ത പ്രദേശത്തുമുള്ള ഒട്ടേറെ ഏജൻസികൾ ഇന്നലെ വൈകിട്ട് മുതൽ മിൽമ ഡെയറിയിൽ പണം അടച്ചു നേരിട്ടു പാൽ വാങ്ങുന്നുണ്ട്.