കാട്ടുപോത്തിനെ വേട്ടയാടൽ: ഒടുവിൽ അന്വേഷണം
Mail This Article
അഞ്ചൽ ∙ രഹസ്യമാക്കി വച്ച വന്യമൃഗവേട്ട പുറത്തായതോടെ കാട്ടുപോത്തിനെ വേട്ടയാടിയതിൽ കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു. കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി കടത്തിയതുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ പതിനൊന്നാംമൈൽ ഭാഗത്തുള്ള പ്രഹ്ലാദൻ എന്നയാൾക്കെതിരെ കേസെടുത്തി. ഇയാളിൽ നിന്ന് ഇറച്ചിയും ഫോറസ്റ്റ് സംഘം പിടികൂടി. പുനലൂർ വനം ഡിവിഷന്റെ പരിധിയിലുള്ള അഞ്ചൽ ഏരൂർ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന് പാട്ടത്തിന് നൽകിയ വന ഭൂമിയുടെ ഡി ഡിവിഷനിലാണ് കഴിഞ്ഞ 15 ന് രാത്രി വേട്ടക്കാർ കാട്ടുപോത്തിനെ വെടിവച്ചുകൊന്ന് ഇറച്ചി കടത്തിയത്. അഞ്ചൽ - കളംകുന്ന് ഫോറസ്റ്റ് സെക്‌ഷനിലെ ഉദ്യോഗസ്ഥർ അടുത്ത ദിവസം സ്ഥലത്തെത്തിയെങ്കിലും മൃഗത്തിന്റെ അവശിഷ്ടങ്ങൾ വളർത്തു പശുവിന്റേതാണെന്ന് മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
അവശിഷ്ടങ്ങൾ കുഴിച്ചുമൂടിയിരുന്നു. ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ നിന്ന് വന്യമൃഗങ്ങളെ സ്ഥിരമായി വേട്ടയാടി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് സൂചന. വന്യജീവി സംരക്ഷണ നിയമത്തിന്റെ 2022 ലെ ഭേദഗതി പ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന കാട്ടുപോത്തിനെ വേട്ടയാടി കൊന്നാൽ 3 മുതൽ 7 വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാം. ഫോറസ്റ്റ് ഉദ്യോഗസ്ഥർ മൃഗവേട്ട ഒതുക്കിയതായി പരാതി ഉയർന്നതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കാട്ടുപോത്തിനെ വേട്ടയാടിയതിന് അഞ്ചൽ ഫോറസ്റ്റ് റേഞ്ചിൽ ഒരാഴ്ചയ്ക്ക് ശേഷം കേസ് റജിസ്റ്റർ ചെയ്തത്.