സംസ്ഥാന പാതയിൽ കല്ലുംകടവിൽ രൂപപ്പെട്ട കുഴി അടയ്ക്കാൻ നടപടിയായില്ല
Mail This Article
പത്തനാപുരം∙ പുനലൂർ–മുവാറ്റുപുഴ സംസ്ഥാന പാതയിലെ പത്തനാപുരം കല്ലുംകടവിൽ രൂപപ്പെട്ട കുഴി അടയ്ക്കാൻ നടപടിയായില്ല. റോഡ് ഇടിഞ്ഞു താഴ്ന്ന് ഒരു ദിവസം കഴിഞ്ഞിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം .ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ആലപ്പുഴ, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്നത് ഈ പാതയിലൂടെയാണ്.
നവീകരണം നടത്തി ഏറെക്കഴിയും മുൻപ് റോഡ് തകർന്നത് നിർമാണത്തിലെ അപാകതയാണെന്ന് നാട്ടുകാർ ആരോപിച്ചു. പൈപ്പ് പൊട്ടിയതാണ് തകർച്ചയുടെ കാരണമെന്ന് ജല അതോറിറ്റി സമ്മതിക്കുന്നുവെങ്കിലും റോഡിന്റെ വശത്തു കൂടി പോകുന്ന പൈപ്പ് പൊട്ടിയാൽ മധ്യ ഭാഗം എങ്ങനെ തകർന്നുവെന്ന ചോദ്യത്തിനു ഉത്തരമില്ല.
പഴയ റോഡിലെ ഓട നികത്താതെ, മുകൾ ഭാഗത്ത് ടാർ മാത്രം ചെയ്തതിനാൽ ഈ ഭാഗം ദുർബലമായതാണ് ഇടിഞ്ഞു താഴ്ന്നതെന്നതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പൈപ്പ് അറ്റകുറ്റപ്പണിയടക്കം കെഎസ്ടിപിയാണ് ചെയ്യേണ്ടതെന്നും തങ്ങൾ ഉത്തരവാദിത്തമില്ലെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.