ADVERTISEMENT

പരവൂർ∙ ഇത്തിക്കരയാർ, പരവൂർ കായൽ തീരങ്ങളിൽ പ്രളയ ഭീതി ഉയർത്തി കായലിലെ മണൽത്തിട്ടകളും ചെളിയും. കായലിന്റെയും ആറിന്റെയും തീരങ്ങളിലെ പ്രളയ സാധ്യത ഒഴിവാക്കാൻ മണൽത്തിട്ടകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായിട്ടും നടപടി സ്വീകരിക്കാതെ സംസ്ഥാന സർക്കാരും ജലവിഭവ വകുപ്പും. മഴക്കാലത്ത് ഇത്തിക്കരയാറിലൂടെ എത്തുന്ന പ്രളയ ജലം പരവൂർ കായൽ വഴി പൊഴിക്കര പൊഴിമുഖത്തിലൂടെ വേണം കടലിലേക്ക് ഒഴുകാൻ. എന്നാൽ പൊഴിക്കര റെഗുലേറ്റിങ് (ചീപ്പ്) പാലത്തിനു സമീപം കായലിന്റെ സ്വാഭാവിക ഒഴുക്കിനെ ഗുരുതരമായി ബാധിക്കുന്ന രീതിയിലാണ് മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുന്നത്.

തിട്ടകൾ തടയണങ്ങൾക്ക് സമാനമായി കായലിന്റെ ഒഴുക്കിനെ തടയുന്നത് ഉപഗ്രഹ ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും. പൊഴിക്കര റെഗുലേറ്ററിന്റെ അടിയിലെ മണ്ണും ചെളിയും പരവൂർ കായലിലെ മണൽതിട്ടകളും നീക്കം ചെയ്യൻ 10 കോടി രൂപയാണ് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ അനുവദിച്ചത്. ജലവിഭവ വകുപ്പിന് കീഴിലെ മേജർ ഇറിഗേഷൻ വകുപ്പിനാണ് മണൽ നീക്കം ചെയ്യാനുള്ള ചുമതല.

മണൽത്തിട്ട നീക്കം ചെയ്യുന്നതിനായി മണ്ണിന്റെ ഘടനയും അളവും തിട്ടപ്പെടുത്താൻ വകുപ്പ് നടത്തിയപ രിശോധനയിൽ മണ്ണിൽ ഉപ്പിന്റെ അംശം കൂടുതലായതിനാൽ നിർമാണ പ്രവർത്തനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നും ഫില്ലിങ് മെറ്റീരിയലായി ഉപയോഗിക്കാമെന്നുമാണ് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ജി.എസ്.ജയലാൽ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്.  നീക്കം ചെയ്തെടുക്കുന്ന മണൽ വാങ്ങാൻ കരാറുകാരെ ലഭിക്കാത്തതു കാരണമുള്ള സാമ്പത്തിക നഷ്ടം കാരണമാണ് ജലവിഭവ വകുപ്പ് മെല്ലെപ്പോക്ക് നയം തുടരുന്നതെന്ന് ആക്ഷേപമുണ്ട്. 

 ജില്ലയുടെ കിഴക്കൻ മേഖലയായ കുളത്തൂപ്പുഴയിൽ നിന്ന് ഉത്ഭവിച്ചു 56 കിലോമീറ്റർ നീളത്തിലൊഴുകി പരവൂർ കായലിൽ പതിക്കുന്ന ഇത്തിരക്കരയാറിന്റെയും 6.62 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പരവൂർ കായലിന്റെയും തീരദേശ നിവാസികൾ പ്രളയ ഭീതിയിൽ കഴിയേണ്ട സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടിയാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. അഷ്ടമുടി കായലിനു തെക്ക് വലിപ്പും കുറഞ്ഞതും ആഴം കൂടിയതുമായ കായലായാണ് പരവൂർ കായൽ അറിയപ്പെട്ടിരുന്നത്. ഒരു ദിവസത്തിൽ വേലിയേറ്റവും വേലിയിറക്കവും നടക്കുന്ന കായലുകളിൽ സ്വാഭാവികമായ ഒഴുക്കും ആഴവും നഷ്ടപ്പെടുന്നത് മത്സ്യസമ്പത്തിനെയും ജൈവ സമ്പത്തിനെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. 

പൊഴിക്കര ചീപ്പ് പാലത്തിന്റെനവീകരണം മുടങ്ങി
പൊഴിക്കര ചീപ്പ് (റെഗുലേറ്റർ) പാലത്തിന്റെ 8 ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്ന ജോലി അവസാനിപ്പിച്ച നിലയിൽ. പാലത്തിലുണ്ടായിരുന്ന ഷട്ടറുകളും അവ പ്രവർത്തിപ്പിക്കാനുള്ള മോട്ടറുകളും നീക്കം ചെയ്ത അവസ്ഥയിലാണ്. 1.5 കോടി രൂപയ്ക്കാണ് ഷട്ടറുകൾ മാറ്റി സ്ഥാപിക്കാൻ മേജർ ഇറിഗേഷൻ വകുപ്പ് കരാർ നൽകിയിരുന്നത്. കരാറുകാരനുമായുള്ള തർക്കം കാരണം പ്രവർത്തനം അവസാനിപ്പിച്ച നിലയിലാണ്.

English Summary:

The accumulation of sand and mud in the Ithikkara River is raising concerns about potential flooding along the shores of Paravur Lake. This article explores the environmental factors contributing to this issue and its potential impact on the local ecosystem and communities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com