തിങ്ങി നിറഞ്ഞ് കൊട്ടാരക്കര സ്പെഷൽ സബ് ജയിൽ: ശുദ്ധജലക്ഷാമവും രൂക്ഷം
Mail This Article
കൊട്ടാരക്കര∙ 65 പേരുടെ സൗകര്യമുള്ള കൊട്ടാരക്കര സ്പെഷൽ സബ് ജയിലിൽ കഴിയുന്നത് 220 പേർ. ഇടുങ്ങിയ സംവിധാനങ്ങൾക്കൊപ്പം ജല വിതരണം മുടക്കി ജല വിതരണ വകുപ്പും വിചാരണ തടവുകാരെ ശിക്ഷിക്കുന്നു. 10 സെല്ലുകളും വനിതാ സെല്ലും ഉൾപ്പെടെ 65 പേരെ പ്രവേശിപ്പിക്കാനാണ് അനുമതി. നാല് വനിത തടവുകാർക്കുള്ള സൗകര്യമാണ് വനിത സെല്ലിൽ ഉള്ളത്. ഇവിടെ 12 പേരാണ് ഇപ്പോൾ ഉള്ളത്. പത്തനംതിട്ട ജില്ലാ ജയിലിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ അവിടെ നിന്നുള്ള മിക്ക തടവുകാരെയും കൊട്ടാരക്കര ജയിലിലാണ് പ്രവേശിപ്പിക്കുന്നത്. തിങ്ങി നിറഞ്ഞ സെല്ലുകളിലാണ് തടവുകാർ കഴിയുന്നത്. ഇതിനു പുറമേയാണ് ജലക്ഷാമം. ജയിൽ വളപ്പിൽ രണ്ടു കിണറുകളാണുള്ളത്. ഉയർന്ന പ്രദേശമായതിനാൽ ജല ദൗർലഭ്യം രൂക്ഷമാണ്. മറ്റൊരു ബോർവെൽ കൂടിയുണ്ട്.
ഈ കിണറിനെ ആശ്രയിച്ചായിരുന്നു ജയിലിന്റെ പ്രവർത്തനം. മോട്ടർ കേടായിട്ട് മാസങ്ങളായി. 25 വർഷത്തിലേറെ പഴക്കമുള്ള മോട്ടറാണ് കേടായത്. പുതിയ മോട്ടർ സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടില്ല. ജലവിഭവ വകുപ്പ് സ്ഥാപിച്ച പൈപ്പ് കണക്‌ഷനാണ് ഇപ്പോഴത്തെ ഏക ആശ്രയം. ആഴ്ചയിൽ രണ്ട് ദിവസം മിക്കപ്പോഴും ജലം ലഭിക്കുന്നില്ല. ജയിൽ അന്തേവാസികൾക്കും പാചകത്തിനും ആയി ദിവസവും ആയിരക്കണക്കിന് ലീറ്റർ വേണം. ജല ക്ഷാമം രൂക്ഷമാകുമ്പോൾ ശുചീകരണം അടക്കം നിലയ്ക്കുന്ന അവസ്ഥയാണുള്ളത്. കൊട്ടാരക്കര നഗരഹൃദയത്തിൽ 45 സെന്റ് സ്ഥലത്താണ് ജയിലിന്റെ പ്രവർത്തനം. മലിന ജലം ഒഴുക്കാനുള്ള ഓടകൾ പോലും അടഞ്ഞ നിലയിലാണ്.
ജയിലിന് ഇടിസിയിലേക്കുള്ള സ്ഥലം മാറ്റവും വൈകുന്നു
കൊട്ടാരക്കര∙ പരിമിതികളിൽ വലയുന്ന കൊട്ടാരക്കര സ്പെഷൽ സബ് ജയിൽ ഇടിസി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും 10 വർഷം പിന്നിടുന്നു. ഇടിസിയിലെ പത്ത് ഏക്കർ സ്ഥലം വിട്ടു നൽകുമെന്നായിരുന്നു പ്രഖ്യാപനം. കൃഷി ഉൾപ്പെടെ നടത്താൻ സൗകര്യത്തോടെ ജയിൽ മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. കലക്ടറുടെ നിർദേശ പ്രകാരം ജയിൽ ഡിഐജിയുടെ നേതൃത്വത്തിൽ കൃഷി, റവന്യു വകുപ്പ് അധികൃതർ ഒരു മാസം മുൻപ് ജയിലിലെത്തി റിപ്പോർട്ട് ശേഖരിച്ചിരുന്നു.