പുനലൂരിൽ ഭിന്നശേഷി ഗ്രാമം ‘മൂളിയാർ’ മോഡലിൽ: മന്ത്രി
Mail This Article
പുനലൂർ ∙ കാസർകോട് മൂളിയാറിൽ എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിലെ കുട്ടികളെ പുനരധിവസിപ്പിക്കുന്ന ഭിന്നശേഷി പുനരുധിവാസ ഗ്രാമത്തിന്റെ മാതൃകയിലാണ് പുനലൂരിലും ഭിന്നശേഷി ഗ്രാമം ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ. ആർ.ബിന്ദു. തീവ്ര ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ തങ്ങളുടെ കാലശേഷം കുട്ടികളുടെ ഭാവിയെ സംബന്ധിച്ച് പരിഭ്രമിക്കുന്ന സാഹചര്യമാണ് ഉള്ളത്. അവിടെ അവരെ സമൂഹം ഏറ്റെടുക്കുന്നു എന്ന സന്ദേശമാണ് പുനരധിവാസ ഗ്രാമങ്ങൾ മൂലം നൽകുന്നത്. തെറപ്പി സൗകര്യങ്ങൾ അടക്കം എല്ലാ സംവിധാനങ്ങളും ഉള്ള ഗ്രാമമാണ് പുനലൂരിൽ ആരംഭിക്കുന്നത്.
രണ്ട് സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഥലം കൈമാറി. അവിടെ വഴി പ്രശ്നമുണ്ട്. ഇപ്പോൾ റവന്യൂ വകുപ്പിന്റെ അധീനിതയിലുള്ള പുതിയ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. സ്ഥലം കൃത്യമായി ലഭ്യമാക്കുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വാളക്കോട് വില്ലേജിൽ വൻമളയിൽ ഭിന്നശേഷി ഗ്രാമത്തിനായുള്ള സ്ഥലം പരിശോധിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്.വൻമളയിൽ സാമൂഹ്യനീതി വകുപ്പിന് കൈമാറിയ ഭൂമിയിൽ ഭിന്നശേഷി കോർപ്പറേഷനെ ബന്ധപ്പെടുത്തി ഭിന്നശേഷിക്കാർക്കായുള്ള പുനരധിവാസ സൗഹൃദ ഗ്രാമം ഉടൻ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ഡിപിആർ മുൻ യോഗം അംഗീകരിച്ചിരുന്നു.
അമ്മമാർക്കായി ഒരു വ്യാവസായിക കേന്ദ്രം ആദ്യഘട്ടത്തിൽ ആരംഭിക്കുന്നതിനും ഭിന്നശേഷി സംഘടനയുടെ തനത് ബ്രാൻഡ് റജിസ്റ്റർ ചെയ്യുകയും പ്രത്യേക ഉത്തരവിലൂടെ സർക്കാർ വകുപ്പുകൾക്ക് ടെൻഡർ ഇല്ലാതെ ഈ ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള ക്രമീകരണം ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്യുന്നതിനും തീരുമാനമായിരുന്നു. ഭിന്നശേഷിക്കാരായിട്ടുള്ളവർക്ക് പകൽവീട് (പകൽ പരിപാലന കേന്ദ്രം) ആരംഭിക്കുന്നതിനും, അവർക്കുള്ള തെറാപ്പി സൗകര്യങ്ങൾ,ആശുപത്രി, വാഹനസൗകര്യം, സെൻസറി പാർക്ക്, വെർച്വൽ റിയാലിറ്റി സംവിധാനങ്ങൾ, എന്നിവ ഉൾപ്പെടുത്തിയ ഡി പി ആർ പ്രകാരമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.പി.എസ്.സുപാൽ എംഎൽഎ, നഗരസഭ അധ്യക്ഷ കെ.പുഷ്പലത, ഉപാധ്യക്ഷൻ രഞ്ജിത്ത് രാധാകൃഷ്ണൻ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ, ഡപ്യൂട്ടി കലക്ടർ ബീനാറാണി, പുനലൂർ ആർഡിഒ സുരേഷ് ബാബു, തഹസിൽദാർ അജിത്ത് ജോയ്, എൽആർ സൂപ്രണ്ട് വിനോദ് തുടങ്ങിയവരും പങ്കെടുത്തു.