കൊല്ലം –തിരുമംഗലം ദേശീയപാത: ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങൾക്ക് സാധ്യത
Mail This Article
കൊല്ലം∙ കയ്യേറ്റവും റോഡിലെ വശങ്ങളിലെ കുഴികളും കൊല്ലം –തിരുമംഗലം ദേശീയപാതയെ അപകടപാതയാക്കുന്നു. കടപ്പാക്കട മുതൽ കല്ലുംതാഴം വരെ സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രികരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. റോഡിന്റെ വശങ്ങൾ ചേർത്ത് ഇരുചക്ര വാഹനങ്ങൾ ഒാടിച്ചാൽ റോഡരികിലെ കുഴികളിലേക്കോ റോഡിലേക്കോ വീണ് അപകടങ്ങളുണ്ടാകും. റോഡിലേക്കു വീണാൽ മറ്റ് വാഹനങ്ങളുടെ അടിയിൽപെട്ടു ജീവൻ നഷ്ടമാകാനും ഇടയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ചാത്തിനാംകുളം സ്വദേശിയും ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശാന്തിക്കാരനുമായ സഞ്ജീവ് കുമാറിന്റെ ജീവൻ നഷ്ടമായതാണ് ഒടുവിലുണ്ടായ അപകടം. റോഡിന്റെ അതേ ഉയരത്തിൽ തന്നെ റോഡിനോട് ചേർന്ന് ഉണ്ടായിരുന്ന മണ്ണെല്ലാം മഴയത്ത് ഒലിച്ചു പോയതോടെയാണ് ഇവിടം കുഴികളായി മാറിയത്. ഒരേ ദിശയിൽ പോകുന്ന മറ്റ് വലിയ വാഹനങ്ങൾക്ക് ഇരുചക്ര വാഹനങ്ങൾ വശം കൊടുത്താൽ റോഡിന്റെ വശങ്ങളിലേക്കു വീണ് അപകടം ഉണ്ടാകുമെന്ന അവസ്ഥയാണ്.
അടിയന്തരമായി ഈ കുഴികൾ നികത്തി അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ദേശീയപാതയാണെങ്കിലും കാലാനുസൃതമായി ഈ പാതയുടെ വീതി കൂട്ടിയിട്ടില്ല. ചിലയിടങ്ങളിൽ റോഡിലും കുഴികളുണ്ട്. കൊല്ലം–തിരുമംഗലം ദേശീയ പാതയിൽ തിരക്കു കുറഞ്ഞ സമയം വിരളമാണ്. ചെറിയ ഗതാഗത തടസ്സം പോലും കിലോമീറ്ററോളം ഗതാഗത കുരുക്കിന് ഇടയാക്കുന്നു. നടപ്പാത കയ്യേറിയുള്ള കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്.
ഇത്തരത്തിൽ നടപ്പാതകൾ കയ്യേറിയതിനാൽ കാൽനടയാത്രക്കാർ പലപ്പോഴും തിരക്കേറിയ റോഡിലേക്കു കയറി നടക്കേണ്ടി വരും. ഇതും അപകടങ്ങൾക്ക് കാരണമാകും. ഇതോടൊപ്പം ഉപയോഗശൂന്യമായ പത്തോളം വാഹനങ്ങളും റോഡരികിൽ പലയിടത്തായി കിടപ്പുണ്ട്. ഇവയെല്ലാം റോഡരികിൽ നിന്നും നീക്കിയാൽ തന്നെ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.