മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം : ഡോക്ടറുമില്ല, ഫാർമസിസ്റ്റുമില്ല; വേണ്ടത് അടിയന്തര ‘ചികിത്സ’
Mail This Article
മാങ്കോട്∙ ഡോക്ടറുമില്ല, ഫാർമസിസ്റ്റുമില്ല, പരാതി പറഞ്ഞ് മടുത്തിട്ടും അധികൃതർക്ക് കുലുക്കവുമില്ല. തോന്നിയതുപോലെ പ്രവർത്തിക്കുന്ന മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം നാട്ടുകാർക്ക് ദുരിത കേന്ദ്രമാകുന്നു. പിഎസ്‌സി വഴിയുള്ള 2 നിയമനവും ഒരു ആർദ്രം നിയമനവും ഉൾപ്പെടെ 3 ഡോക്ടർമാരെയാണ് ഇവിടേക്ക് നിയമിച്ചിട്ടുള്ളത്. ഇവരിൽ ഒരാൾ മാത്രമാണ് പൂർണസമയ സേവനത്തിനുള്ളത്. ഒരു ഡോക്ടറെ വർക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി മറ്റു ആശുപത്രികളിലേക്ക് മാറ്റി നിയമിച്ചു. ഒരാൾ വന്നെങ്കിലായി, ഇല്ലെങ്കിലായി എന്നതാണ് അവസ്ഥ.
എത്തുന്ന ദിവസങ്ങളിലും രോഗികളെ ചികിത്സിക്കാൻ കൂട്ടാക്കാറില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഈ ഡോക്ടറെ മാറ്റി, പകരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് ഭരണ സമിതി ഉൾപ്പെടെ പല തവണ ഡിഎംഒയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും പരാതി നൽകിയെങ്കിലും പ്രയോജനവുമുണ്ടായില്ല.
ഫാർമസിസ്റ്റിന്റെ അവസ്ഥയും ഇതു തന്നെ. പത്തനാപുരം പഞ്ചായത്തിനു പുറമേ, പിറവന്തൂർ പഞ്ചായത്തിലെ ഏഴ് വാർഡുകളും ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലാണ്. എന്നാൽ പിറവന്തൂർ പഞ്ചായത്തിലെ ഈ വാർഡുകളിൽ നിന്നു ചികിത്സ തേടിയെത്തുന്നവർക്ക് മരുന്ന് നൽകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇക്കാര്യത്തിൽ ചോദ്യം ചെയ്തത്, ഫാർമസിസ്റ്റുമായുള്ള തർക്കത്തിനു കാരണമായെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ആശുപത്രിയിലെ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞെന്ന ആക്ഷേപത്തിൽ ഫാർമസിസ്റ്റ്, ക്ലാർക്ക് എന്നിവർക്കെതിരെ ജീവനക്കാർ ഡിഎംഒയ്ക്ക് പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പോലും നടത്തിയില്ലെന്ന് ആക്ഷേപം ഉണ്ട്.
രാവിലെ 9ന് തുടങ്ങി വൈകിട്ട് 4 വരെയാണ് ആശുപത്രി പ്രവർത്തിക്കേണ്ടത്. ഡോക്ടർ പോകുന്നതനുസരിച്ച് പല ദിവസങ്ങളിലും നേരത്തേ അടയ്ക്കുമെന്നും നാട്ടുകാർ പറയുന്നു. നേരത്തേ 150 മുതൽ 200 പേർ വരെ ചികിത്സ തേടിയെത്തിയിരുന്ന ആശുപത്രിയിൽ നിലവിൽ ശരാശരി 70 പേരാണ് എത്തുന്നത്. മാങ്കോട്, പൂമരുതിക്കുഴി, പാടം, തൊണ്ടിയാമൺ, കടശേരി, പൂങ്കുളഞ്ഞി, മണക്കാട്ടുപുഴ, മുള്ളൂർ നിരപ്പ് എന്നിവടങ്ങളിലുള്ളവരാണ് ആശുപത്രിയെ കൂടുതലായി ആശ്രയിക്കുന്നത്. പരാതികൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.