മണ്ഡലകാലം: സ്നാന ഘട്ടത്തിൽ സുരക്ഷ ഒരുക്കുന്നതിൽ മെല്ലപ്പോക്ക്
Mail This Article
പുനലൂർ ∙ പട്ടണ മധ്യത്തിൽ കല്ലടയാറിന്റെ തീരത്ത് ഡിടിപിസിയുടെ അധീനതയിലുള്ള സ്നാന ഘട്ടത്തിൽ ഇനിയും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല. സ്നാനഘട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ ഒട്ടേറെപ്പേർ ഒഴുക്കിൽപെട്ട് മരണമടഞ്ഞിട്ടുണ്ട്. മണ്ഡലകാലം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ ഇവിടെയുള്ള ശുചിമുറികളുടെ നവീകരണവും നടത്തിയിട്ടില്ല. കുളക്കടവിൽ വിവിധ ഭാഷകളിൽ അപായ സൂചനാ ബോർഡുകളും സ്ഥാപിക്കേണ്ടതുണ്ട്.
കുളിക്കടവ് വൃത്തിയാക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകണം. കൂടുതൽ ആഴം ഉള്ള ഭാഗത്തേക്ക് ഇറങ്ങി കുളിക്കാതിരിക്കുന്നതിന് ബാരിക്കേഡും സ്ഥാപിക്കണം. കഴിഞ്ഞ മണ്ഡലകാലത്ത് മുളകൊണ്ട് ചെറിയ ബാരിക്കേഡാണ് നിർമിച്ചിരുന്നത്. ഇതര സംസ്ഥാന തീർഥാടകരുടെ സാന്നിധ്യം കൊണ്ട് കിഴക്കൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ശബരിമല ഇടത്താവളം എന്ന നിലയിൽ ഇവിടെ കൂടുതൽ സുരക്ഷാ, ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നാണ് ആവശ്യം .