സ്പീഡ് ബ്രേക്കറുകൾ പുനഃസ്ഥാപിക്കാൻ നടപടിയില്ല; സ്കൂൾ വിദ്യാർഥികളടക്കം ദുരിതമനുഭവിക്കുന്നു
Mail This Article
പരവൂർ∙ ചാത്തന്നൂർ–പരവൂർ–പാരിപ്പള്ളി റോഡുകളുടെ നവീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത സ്പീഡ് ബ്രേക്കറുകൾ പുനഃസ്ഥാപിക്കാൻ നടപടിയില്ല. തീരുമുക്ക്-പരവൂർ, പരവൂർ-പാരിപ്പള്ളി, പരവൂർ-പൊഴിക്കര റോഡുകളിൽ അഞ്ചിലധികം സ്ഥലങ്ങളിലായിരുന്നു മുൻപ് സ്പീഡ് ബ്രേക്കറുകളുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും സ്കൂളുകളുടെ മുന്നിലെ റോഡുകളിലായിരുന്നു.
റോഡ് നവീകരണം പൂർണമായതിനു ശേഷം സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുമെന്നായിരുന്നു കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ബ്രേക്കറുകൾ സ്ഥാപിക്കാൻ നടപടി ഉണ്ടായിട്ടില്ല. സ്കൂൾ വിദ്യാർഥികളും കാൽനട യാത്രക്കാരുമാണ് ഇത് കാരണം ദുരിതമനുഭവിക്കുന്നത്. സ്കൂൾ പരിസരത്ത് പോലും അമിത വേഗതയിലെത്തുന്ന വാഹനങ്ങൾ, വിദ്യാർഥികൾ റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്നത് കണ്ടാൽ പോലും നിർത്താറില്ല.
സ്കൂളുകളിൽ എസ്പിസി കെഡറ്റുകളും സ്കൂൾ ജീവനക്കാരും സഹായിച്ചാണ് രാവിലെയും വൈകിട്ടും വിദ്യാർഥികൾ റോഡ് മുറിച്ച് കടക്കുന്നത്. 3 മാസങ്ങൾക്ക് മുൻപ് പൊഴിക്കര റോഡിൽ അമിത വേഗതയിലെത്തിയ ഇരുചക്ര വാഹനമിടിച്ചു വീട്ടമ്മ മരിച്ചിരുന്നു. കഴിഞ്ഞ മാസം പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഓടിച്ച ഇരുചക്ര വാഹനമിടിച്ചു എസ്എൻവി ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനിക്ക് പരുക്കേറ്റിരുന്നു. ഈ രണ്ട് സ്ഥലങ്ങളിലും റോഡ് നവീകരണത്തിനു മുൻപ് സ്പീഡ് ബ്രേക്കറുകളുണ്ടായിരുന്നു.
വേഗം നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതിനാൽ വാഹനങ്ങൾ അമിത വേഗതയിലെത്തുന്ന റോഡിൽ വിദ്യാർഥികളും കാൽനട യാത്രക്കാരും അനുഭവിക്കുന്ന ദുരിതത്തിനു ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്. പരവൂർ–ചാത്തന്നൂർ റോഡിൽ നെടുങ്ങോലം ജിഎച്ച്എസ്എസ്, എസ്എൻവി ഗേൾസ് ഹൈസ്കൂൾ, പരവൂർ ജംക‍്ഷൻ, പാരിപ്പള്ളി–പരവൂർ റോഡിൽ കൂനയിൽ എൽപിഎസ്, പരവൂർ-പൊഴിക്കര റോഡിൽ പെൺപള്ളിക്കൂടം എന്നിവിടങ്ങളിലായിരുന്നു സ്പീഡ് ബ്രേക്കറുകളുണ്ടായിരുന്നത്.