സാമ്പ്രാണിക്കോടിയിൽ വീണ്ടും സഞ്ചാര കാലം; ബോട്ടുകൾക്ക് ടേൺ സമ്പ്രദായം
Mail This Article
അഞ്ചാലുംമൂട് ∙ സാമ്പ്രാണിക്കോടി ടൂറിസം നവംബർ ഒന്നിന് തുറക്കും. ഓൺലൈൻ ടിക്കറ്റ് സംവിധാനം പൂർത്തിയായതായി ഡിടിപിസി അറിയിച്ചു. സാമ്പ്രാണിക്കോടിക്ക് പുറമേ പുതിയ കൗണ്ടറുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധികളെ തുടർന്ന് സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു. കേരളപ്പിറവി ദിനത്തിൽ രാവിലെ മുതൽ തന്നെ പ്രാക്കുളം സാമ്പ്രാണിക്കോടിയിലേക്കുള്ള പ്രവേശനം പുനരാരംഭിക്കും. ഇതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഡിടിപിസിയുടെ സമ്പ്രാണിക്കോടിയിലെ കൗണ്ടറിനൊപ്പം പ്രാക്കുളം മണലിൽനട കടവ്, കുരീപ്പുഴ പള്ളി ബോട്ട് ജെട്ടി കടവ് എന്നിവിടങ്ങളിലും കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.
ടിക്കറ്റുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തോടെയാണ് ലഭ്യമാവുക. അതിനായി ഡിടിപിസി പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൊബൈൽ വഴി ഇഷ്ടമുള്ള കൗണ്ടറുകൾ സന്ദർശകർക്ക് തന്നെ തിരഞ്ഞെടുക്കാം. സന്ദർശകർ തിരഞ്ഞെടുക്കുന്ന കൗണ്ടറുകളിലെത്തി ബോട്ടിൽ കയറി സാമ്പ്രാണിക്കോടി തുരുത്തിലേക്കും തിരികെയും യാത്ര ചെയ്യാൻ സാധിക്കും. ജില്ലയുടെ ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടിയ സാമ്പ്രാണിക്കോടി ടൂറിസം ചുരുങ്ങിയ കാലയളവ് കൊണ്ടാണ് സന്ദർശകരുടെ ഇഷ്ട തുരുത്തായി മാറിയത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുപോലും സാമ്പ്രാണിക്കോടി തേടി സന്ദർശകരെത്തുന്നുണ്ട്. ഈ ഓണ അവധി ദിനങ്ങളിൽ റിക്കോർഡ് കലക്ഷൻ നേട്ടവും സാമ്പ്രാണിക്കോടി സ്വന്തമാക്കിയിരുന്നു.
ടിക്കറ്റ് ബുക്കിങ്
31 വൈകുന്നേരം മുതൽ ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dtpckollam.com വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
ബോട്ടുകൾക്ക് ടേൺ സമ്പ്രദായം
പ്രാക്കുളം സാമ്പ്രാണിക്കോടി ടൂറിസം പദ്ധിയിൽ ഡിടിപിസിയുമായി ചേർന്ന് സർവീസ് നടത്തുന്ന ബോട്ടുകൾക്ക് ടേൺ സമ്പ്രദായം ഏർപ്പെടുത്തി. നിലവിൽ സർവീസ് നടത്തുന്ന ബോട്ടുകളെ 3 ടീം ആക്കി അവരെ ഓരോ ദിവസവും കൗണ്ടറുകൾ മാറ്റി സർവീസിന് നിയോഗിക്കുന്ന വിധം ടേൺ സമ്പ്രദായമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ബോട്ട് ജീവനക്കാർക്ക് തുല്യമായ വരുമാനം ഉറപ്പാക്കാനായാണ് ടേൺ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിടിപിസിക്ക് ലക്ഷങ്ങളുടെ വരുമാന നേട്ടം ഉണ്ടാക്കുന്ന ടൂറിസം പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാൻ വേണ്ട നടപടി വേണമെന്ന് നാട്ടുകാരും സന്ദർശകരും ആവശ്യപ്പെട്ടു.