നിറതോക്കുമായി യുവാവിനെ വനപാലക സംഘം പിടികൂടി
Mail This Article
തെന്മല ∙ മതിയായ രേഖകൾ ഇല്ലാത്ത നിറതോക്കുമായി യുവാവിനെ വനപാലക സംഘം പിടികൂടി. ഉറുകുന്ന് റൂബി ഭവനിൽ ബോബി (39) ആണ് പിടിയിലായത്. ഉറുകുന്ന് കനാലിന് സമീപമാണ് സംഭവം. വലപാലകർ റോന്ത് ചുറ്റുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്നുപേരിൽ ഒരാളായ ബോബി തോക്കുമായി കടക്കാൻ ശ്രമിച്ചു. ഓട്ടത്തിനിടെ കാലിന് ഗുരുതര പരുക്കേറ്റെന്ന് വനപാലകർ പറഞ്ഞു. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.
വീണ്ടും തിരികെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. തോക്ക് പിടിച്ചത് വനമേഖലയിൽ അല്ലാത്തതിനാൽ ആംസ് ആക്ടിന്റെ പരിധിയിൽ വരുന്ന സംഭവമായതിനാൽ തോക്ക് തെന്മല പൊലീസിന് കൈമാറിയിട്ടുണ്ട്. തോക്കിന്റെ ഉടമ ഒറ്റക്കൽ ആർബി കുറ്റാലം സ്വദേശി ജയരാജ് ആണ് കടന്നുകളഞ്ഞവരിൽ ഒരാളെന്ന് വനപാലകർ അറിയിച്ചു.
തോക്ക് നായാട്ടിന് ഉപയോഗിക്കാനായിരുന്നെന്ന് സംശയിക്കുന്നതായി വനപാലകർ അറിയിച്ചു. തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫിസർ സെൽവരാജ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ബാബു, ആർആർടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത്, ബീറ്റ് ഓഫിസർമാരായ സൂരജ്, ശരണ്യ, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.