കെ.കെ.ഗോപാലകൃഷ്ണൻ; വിട പറഞ്ഞു, കാൽപന്തിലെ ഗുരുസ്പർശം
Mail This Article
കൊല്ലം ∙ ‘ഗോപാലകൃഷ്ണൻ സാർ തൊടാത്ത ഒരാളും കളിക്കാരനാവില്ല, അത്രമേൽ ഫുട്ബോളുമായും കായികമേഖലയുമായും പരിശീലനവുമായും ബന്ധമുള്ള ഒരാൾ മുൻ ഫുട്ബോൾ താരവും കോച്ചുമായിരുന്ന ഗോപാലകൃഷ്ണൻ സാറെ കുറിച്ചു ആരോട് ചോദിച്ചാലും ലഭിക്കുന്ന മറുപടിയാണ് ഇത്. ഒരു ജീവിതകാലം മുഴുവൻ കായിക മേഖലയ്ക്ക് വേണ്ടിയും കായിക താരങ്ങളെ വാർത്തെടുക്കാനും വേണ്ടി പരിശ്രമിച്ച വ്യക്തിയായിരുന്നു കെ.കെ.ഗോപാലകൃഷ്ണൻ. കൊല്ലത്തിന്റെ കുണ്ടറ അലിൻഡ് ടീം താരമായി ഇന്ത്യൻ ടീം വരെ വളർന്ന അദ്ദേഹം എന്നും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് മികച്ച താരങ്ങളെ വളർത്തിക്കൊണ്ട് വരാനായിരുന്നു.
ഫുട്ബോൾ കായിക മേഖലയിലെ ഇന്ത്യയിലുള്ള എണ്ണം പറഞ്ഞ കോച്ചുമാരിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ ശിഷ്യരുടെ പട്ടിക എടുത്താൽ സംസ്ഥാനം ഇതുവരെ കണ്ട മിക്ക മികച്ച താരങ്ങളും അതിലുണ്ടാവും, ഐ.എം.വിജയൻ, ജോൺ പോൾ അഞ്ചേരി, ഷറഫലി, എ.നജുമുദ്ദീൻ എന്നിവരെല്ലാം അവരിൽ ചിലർ മാത്രമാണ്. ടെക്നിക്കൽ രീതിയിലുള്ള പരിശീലന രീതി പിന്തുടർന്നിരുന്ന അദ്ദേഹത്തിന്റെ പ്രധാന തട്ടകം കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയമായിരുന്നു. അലിൻഡ് ടീമിലെ സൂപ്പർ താരങ്ങളായിരുന്ന ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, ശിവദാസൻ എന്നീ ത്രയങ്ങൾ പിന്നീട് കേരള ടീമിലെയും സൂപ്പർ താരങ്ങളായി മാറുകയായിരുന്നു. പിന്നീടങ്ങോട്ട് കേരളത്തിന്റെ വിവിധ ടീമുകളിലും സന്തോഷ് ട്രോഫി ടീമിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഗോപാലകൃഷ്ണൻ. 1965 ൽ കേരള ടീമിന്റെ ക്യാപ്റ്റനായി മാറി. പിന്നീട് ഇന്ത്യൻ ടീമിലേക്കും എത്തി. 1968 ൽ ഫുട്ബോൾ പരിശീലകന്റെ റോളിലേക്ക് മാറി. 1969 ൽ കേരളം ദേശീയ ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ ആദ്യമായി കിരീടം നേടുമ്പോൾ ഗോപാലകൃഷ്ണനായിരുന്നു കേരളത്തിന്റെ പരിശീലകൻ. പിന്നീടങ്ങോട്ട് സന്തോഷ് ട്രോഫിയടയ്ക്കം ഒട്ടേറെ കിരീടങ്ങൾ അദ്ദേഹത്തിന്റെ പരിശീലക മികവിലൂടെ കേരളം സ്വന്തമാക്കി.
പിന്നീട് സ്പോർട്സ് കൗൺസിൽ കോച്ചായി വർഷങ്ങളോളം സേവനം അനുഷ്ഠിച്ചു. ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോൾ താരങ്ങളാകാൻ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തുന്നതിൽ ഗോപാലകൃഷ്ണന് പ്രത്യേക കഴിവുണ്ടായിരുന്നു. ഫുട്ബോൾ പരിശീലന രംഗത്ത് നിലവിൽ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ പരിശീലകൻ കൂടിയായി ഇദ്ദേഹം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാർധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. ഗോപാലകൃഷ്ണൻ സാറിന്റെ അഭാവമാണ് നിലവിൽ കൊല്ലത്തിന്റെ കായിക മേഖലയിലെയും ഫുട്ബോൾ രംഗത്തെയും പിന്നാക്കത്തിന് കാരണമെന്നാണ് കായികപ്രേമികൾ വിശ്വസിക്കുന്നത്. ഫുട്ബോളിന് ആരാധകരുള്ള കാലത്തോളം ജില്ലയുടെയും കേരളത്തിന്റെയും ഫുട്ബോൾ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഓർമിക്കും.