തിരമാല നിരീക്ഷണ യന്ത്രം കൊല്ലം തീരത്ത് സ്ഥാപിച്ചു
Mail This Article
കൊല്ലം ∙ കടലിലെ വിവിധ അപകടങ്ങളിൽ മുന്നറിയിപ്പ് നൽകുന്ന തിരമാല നിരീക്ഷണ യന്ത്രം (വേവ് റൈഡർ ബോയ) കൊല്ലം തീരത്തു സ്ഥാപിച്ചു. തങ്കശ്ശേരി ലൈറ്റ് ഹൗസിനു പടിഞ്ഞാറു ഭാഗത്തായി കടലിലാണ് നിരീക്ഷണ യന്ത്രം സ്ഥാപിച്ചത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനുള്ള ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ (ഇൻകോയ്സ്) ഉടമസ്ഥതയിലുള്ള യന്ത്രം ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവരുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം കടലിൽ സ്ഥാപിച്ചത്.
കേരള തീരത്തെ മത്സ്യത്തൊഴിലാളികൾക്കും തീരദേശ നിവാസികൾക്കും കള്ളക്കടൽ, ചുഴലിക്കാറ്റ്, ന്യൂനമർദം, സൂനാമി തുടങ്ങി കടലുമായി ബന്ധപ്പെട്ട വിവിധ സൂചനകൾ നൽകുന്നതിനാണ് ഉപഗ്രഹവുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ തിരമാല നിരീക്ഷണ യന്ത്രം ഉപയോഗിക്കുന്നത്. യന്ത്രത്തിന്റെ പകുതി ഭാഗം കടലിന് അടിയിലും ബാക്കി പകുതി ഭാഗം വെള്ളത്തിൽ ഉയർന്നുമാണ് നിൽക്കുന്നത്. കടലിന് അടിയിലുള്ള സെൻസറിലൂടെ തിരമാലകളുടെ ചലനങ്ങൾ നിരീക്ഷിച്ചാണ് യന്ത്രം മുന്നറിയിപ്പുകൾ നൽകുക. ഇവ യന്ത്രത്തിലെ ആന്റിനകൾ വഴി ഹൈദരാബാദിലെ ഇൻകോയ്സ് ആസ്ഥാനത്തേക്കും കൊച്ചി ഫിഷറീസ് സർവകലാശാല കുഫോസ് ഇൻകോയ്സ് ജോയിന്റ് റിസർച് സ്റ്റേഷനിലേക്കും അയയ്ക്കും. 200 കിലോമീറ്റർ വരെ ദൂരം യന്ത്രത്തിന്റെ നിരീക്ഷണ പരിധിയിൽ വരും.
കൊച്ചിയിലെ കേരള ഫിഷറീസ് സർവകലാശാലയിലെ (കുഫോസ്) ഓഷ്യൻ സയൻസ് ഡയറക്ടർ ഡോ. എസ്.സുരേഷ് കുമാറിനാണ് കേരളത്തിലെ തീരങ്ങളിലുള്ള തിരമാല നിരീക്ഷണ യന്ത്രത്തിന്റെ പരിപാലനച്ചുമതല. കഴിഞ്ഞ ദിവസം തങ്കശ്ശേരി ഭാഗത്തു യന്ത്രം സ്ഥാപിക്കുന്നതിന് ഇൻകോയ്സ് പ്രോജക്ട് എൻജിനീയർ ഭരത് റെഡ്ഡി, കുഫോസ് ടെക്നിക്കൽ എൻജിനീയർ രാഹുൽ രാജ്, ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ രമേഷ് ശശിധരൻ, മറൈൻ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. മത്സ്യത്തൊഴിലാളികൾ യന്ത്രത്തിന് കേടുപാടുകൾ സംഭവിക്കാതെ മത്സ്യബന്ധന പ്രവൃത്തികളിൽ ഏർപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.