പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലെത്തി പ്രതിഷേധിച്ച് മങ്ങാട്ട് സൂനാമി നഗർ നിവാസികൾ
Mail This Article
ക്ലാപ്പന ∙ പഞ്ചായത്ത് 7ാം വാർഡ് കോഴിമുക്കിനു സമീപം മങ്ങാട്ട് സൂനാമി നഗർ നിവാസികൾക്ക് 15 ദിവസമായി ശുദ്ധജലം ലഭിക്കാത്തതിനെത്തുടർന്ന് നഗർ നിവാസികളും സിപിഎം ക്ലാപ്പന വെസ്റ്റ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി നേതാക്കളും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലെത്തി പ്രതിഷേധിച്ചു. പ്രദേശത്തെ പൈപ്പ്‌ലൈൻ തകരാറിലായതിനെത്തുടർന്നാണ് 15 ദിവസമായി ഇവിടുത്തെ 2 നഗറുകളിലും ശുദ്ധജലം ലഭിക്കാതിരുന്നത്.
ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ടി.എൻ.വിജയകൃഷ്ണൻ, സി.ജെ.കുഞ്ഞിച്ചന്തു എന്നിവരുടെ നേതൃത്വത്തിലാണു കഴിഞ്ഞ ദിവസം സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറിക്ക് നിവേദനം നൽകിയത്. ചർച്ചയ്ക്കിടെ പഞ്ചായത്തിന് ശുദ്ധജലം വിതരണം ചെയ്യാൻ ഫണ്ടില്ലെന്നു പറഞ്ഞതിനെത്തുടർന്ന് നേതാക്കളും പഞ്ചായത്ത് സെക്രട്ടറിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗറിൽ ശുദ്ധജലം വിതരണം ചെയ്തു. പിന്നീട് ജലഅതോറിറ്റി പൈപ്പ്‌ലൈനിലെ തകരാർ പരിഹരിച്ചു.