പനി മുതൽ അമീബിക് മെനിഞ്ചൈറ്റിസ് വരെ; രോഗബാധയിൽ ആശങ്ക
Mail This Article
കൊല്ലം ∙ വിവിധ രോഗബാധകളിൽ ആശങ്കയോടെ ജില്ല. കഴിഞ്ഞ മാസം 3 അമീബിക് മെനിഞ്ചൈറ്റിസ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മൂവരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പത്തനാപുരം, തലവൂർ, നെടുമ്പന എന്നീ പ്രദേശങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനാപുരം സ്വദേശിയുടെ സ്ഥിതി ഗുരുതരമായി തുടരുകയുമാണ്.
സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിപ്പോർട്ട് ലഭിച്ചിട്ടില്ലാത്തതിനാൽ രോഗത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പത്തനാപുരവും തലവൂരും ഒരു മേഖലയിൽ വരുമെന്ന് കണക്കാക്കിയാൽ പോലും കുണ്ടറയ്ക്കു സമീപത്തെ നെടുമ്പനയിലെ രോഗബാധയുടെ ഉറവിടം ഏത് എന്നത് അവ്യക്തമാണ്.
ജില്ലയിൽ പുതിയത്
അമീബിക് മെനിഞ്ചൈറ്റിസ് ജില്ലയ്ക്ക് പരിചിതമായ രോഗമല്ല. 2016ൽ ആലപ്പുഴയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജില്ലയിൽ മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. തലവൂർ സ്വദേശിക്ക് കഴിഞ്ഞ 14നും പത്തനാപുരം സ്വദേശിക്ക് 19നും നെടുമ്പന സ്വദേശിക്ക് 25നും ആണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.രോഗത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. വളർത്തുമൃഗങ്ങളെയും ബാധിക്കും.
ഡെങ്കിപ്പനി കുറയുന്നു
കാലവർഷം അവസാനിച്ച് മഴ കുറഞ്ഞതോടെ ജില്ലയിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും കുറവ്. കഴിഞ്ഞ മാസം 655 പേരാണ് ഡെങ്കിപ്പനി ബാധിച്ചു ജില്ലയിൽ ചികിത്സ തേടിയത്. മുൻ മാസങ്ങളിൽ ഇത് ആയിരവും രണ്ടായിരവും കടന്നിരുന്നു. എങ്കിലും കഴിഞ്ഞ 28ന് ഒഴികെ കഴിഞ്ഞ മാസം എല്ലാ ദിവസങ്ങളിലും ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചില ദിവസങ്ങളിലെങ്കിലും സംസ്ഥാനത്ത് ഒരു മരണവും ജില്ലയിൽ ഡെങ്കി മൂലം റിപ്പോർട്ട് ചെയ്തു. വെസ്റ്റ് കല്ലട സ്വദേശിയാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്.
എലിപ്പനി
ജില്ലയിൽ എലിപ്പനി ബാധ അതിശക്തമായി തുടരുകയാണ്. ഡെങ്കിപ്പനിയിൽ കുറവ് വരുമ്പോഴും എലിപ്പനി ശക്തമായി നിൽക്കുകയാണ്. 8 മരണങ്ങൾ ജില്ലയിൽ എലിപ്പനി മൂലം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃക്കോവിൽവട്ടം, വിളക്കുടി, ഇളമ്പള്ളൂർ, കുളക്കട, അലയമൺ, വെളിയം, അഞ്ചൽ എന്നിവിടങ്ങളിലാണ് എലിപ്പനി മൂലം മരണമുണ്ടായത്. 31 പേർക്കാണ് കഴിഞ്ഞ മാസം എലിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻ മാസങ്ങളെ അപേക്ഷിച്ചു ഇത് വളരെ കൂടുതലാണ്. സംസ്ഥാനത്ത് തന്നെ കൊല്ലം ജില്ലയിൽ മാത്രം എലിപ്പനി റിപ്പോർട്ട് ചെയ്ത ദിവസങ്ങളുമുണ്ട്.
പനിബാധിതർ 15,000
ജില്ലയിൽ പനി ബാധിച്ചു കഴിഞ്ഞ മാസം ആശുപത്രികളിലെത്തിയത് പതിനയ്യായിരത്തോളം ആളുകളാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് പുറമേ ചെള്ളു പനിയും മലേറിയയും ജില്ലയെ വിട്ടു പോയിട്ടില്ല. 12 പേർക്ക് ജില്ലയിൽ ചെള്ളു പനി സ്ഥിരീകരിച്ചപ്പോൾ 2 പേർക്ക് എച്ച്‌വൺ എൻവൺ രോഗവും 2 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. ചവറ, കൊല്ലം എന്നീ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്ത മലേറിയ തുടച്ചു നീക്കാനാവാതെ തുടരുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്.
ലക്ഷണങ്ങൾ
രോഗാണുബാധ ഉണ്ടായി ഒന്നു മുതൽ 9 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. കടുത്ത തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ‘ബ്രെയിൻ ഈറ്റർ’ എന്നറിയപ്പെടുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെയാണു പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. തലച്ചോറിനെയാണു ബാധിക്കുക.
ചികിത്സ
അമീബ ബാധിച്ചാൽ മരുന്നുകളോടു പ്രതികരിക്കില്ല എന്നതാണു പ്രധാന വെല്ലുവിളി. അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ ജർമനിയിൽ നിന്നു മിൽട്ടിഫോസിൻ എന്ന മരുന്ന് ആരോഗ്യവകുപ്പ് എത്തിച്ചിട്ടുണ്ട്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്നു കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചായിരുന്നു മുൻപു ചികിത്സ നടത്തിയിരുന്നത്.
പ്രതിരോധ മാർഗങ്ങൾ
∙ നീന്തൽക്കുളങ്ങൾ എല്ലാം ശുചീകരണ പ്രോട്ടോക്കോൾ പാലിച്ച് ക്ലോറിനേറ്റ് ചെയ്യണം. കൃത്യമായ ഇടവേളകളിൽ അത് പരിശോധിക്കുകയും വേണം.
∙ പൊതുകുളങ്ങൾ സാധ്യമായ രീതിയിൽ ശുചീകരിക്കാൻ ചെയ്യാൻ ആരോഗ്യ, തദ്ദേശ അധികൃതർ ശ്രദ്ധിക്കണം.
∙ ഒഴുക്ക് തീരെ ഇല്ലാത്ത, കെട്ടിക്കിടക്കുന്ന, ആഴം കുറഞ്ഞ സ്ഥലങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക.
∙ മലിനപ്പെട്ടിരിക്കാം എന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ കുളിക്കുന്നവർ ചാടിക്കുളിക്കുകയും മുങ്ങാംകുഴി ഇട്ട് കുളിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക.
∙ നീന്തുകയാണെങ്കിൽ തന്നെ മൂക്കിൽ വെള്ളം കയറാത്ത വിധത്തിൽ തല മുകളിലേക്ക് ഉയർത്തിപ്പിടിച്ച് നീന്താൻ ശ്രദ്ധിക്കുക. മുങ്ങിയേ പറ്റൂ എന്നാണെങ്കിൽ നോസ് ക്ലിപ് ഉപയോഗിച്ച് നീന്തുക.
∙ അമീബ കലർന്ന വെള്ളം വായിലൂടെ ഉള്ളിൽ പോയാലും ഒന്നും സംഭവിക്കില്ല. ചാടിക്കുളിക്കുമ്പോൾ മൂക്കിലൂടെ അതിശക്തമായ മർദത്തോടെ വെള്ളം പ്രവേശിക്കും. അപ്പോൾ മാത്രമാണ് അമീബ തലച്ചോർ വരെ എത്തുന്നത്.
∙ പുഴവെള്ളം ഒഴുകുന്ന വെള്ളത്തിൽ ബാക്ടീരിയ അധികം കാണപ്പെടാറില്ല. എങ്കിലും ആ പുഴയുടെ തന്നെ ഒഴുക്കു കുറഞ്ഞ ഭാഗങ്ങളിൽ ഉണ്ടായേക്കാം.
അമീബിക് മെനിഞ്ചൈറ്റിസ്
അമീബ വിഭാഗത്തിൽ പെടുന്ന നെഗ്ലേറിയ ഫൗലേറി എന്ന രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന മസ്തിഷ്കജ്വരമാണു മാരകമാവുന്നത്. വെള്ളത്തിന്റെ അളവ് കുറയുമ്പോഴാണ് സാധാരണ അമീബ വർധിക്കുന്നത്. ചേറിലെ അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. കെട്ടിക്കിടക്കുന്ന ഏതു വെള്ളത്തിലും അമീബ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നീന്തൽക്കുളങ്ങളിലും കായലുകളിലും വെള്ളത്തിന്റെ പ്രതലങ്ങളിലും ഇവ കാണപ്പെടാവുന്നതാണ്.