ആർപിഎഫ് ആസ്ഥാന മന്ദിരം: കരാർ കൈമാറിയിട്ടും ഭൂമി നിശ്ചയിച്ച് നൽകുന്നില്ല
Mail This Article
പുനലൂർ ∙ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) ആസ്ഥാന മന്ദിരത്തിന് കരാർ ക്ഷണിക്കുകയും നിർമാണ പ്രവൃത്തിയുടെ കരാർ കൈമാറുകയും ചെയ്തിട്ടും ഭൂമി നിശ്ചയിച്ച് നൽകാത്തത് പ്രശ്നമാകുന്നു. പുനലൂർ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന് സമീപം പതിറ്റാണ്ടുകളായി ആർപിഎഫ് ഓഫിസ് ഉണ്ട്. അവിടെ ഉദ്യോഗസ്ഥർക്ക് വിശ്രമിക്കുന്നതിന് അടക്കം സൗകര്യങ്ങൾ കുറവാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പുതിയ കെട്ടിടം വേണമെന്ന ആവശ്യം ഉയർന്നു.
എൻ. കെ. പ്രേമചന്ദ്രൻ എംപിയുടെ സാന്നിധ്യത്തിൽ നടത്തിയ യോഗങ്ങളിലും ഈ ആവശ്യം ഉയർന്നിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരും മധുര ഡിവിഷനൽ മാനേജർമാരും പുനലൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും ഈ ആവശ്യം ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ നടപടികൾ നടന്നത്. ഇപ്പോൾ അമൃതഭാരത് പദ്ധതി പ്രകാരം കൂറ്റൻ ഗ്രൗണ്ടിന്റെയും സ്റ്റേഷൻ മന്ദിരം മോടി പിടിപ്പിക്കുന്നതിന്റെയും നിർമാണം നടക്കുകയാണ്.
ഈ ഭാഗത്ത് ആർപിഎഫ് കെട്ടിടത്തിന് സ്ഥലം ഇല്ലാത്ത സ്ഥിതിയാണ്. എന്നാൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ സമാന്തരമായി പുതിയ ഓഫിസുകളുടെയും ക്വാർട്ടേഴ്സുകളുടെയും നിർമാണം നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷന്റെ അനുബന്ധ സ്ഥലങ്ങളിൽ ഉടൻ തന്നെ ആർപിഎഫ് കെട്ടിടത്തിന് സ്ഥലം നിശ്ചയിച്ചു നൽകണമെന്നാണ് ആവശ്യം .