തിരുമംഗലം ദേശീയപാത നവീകരണം പുരോഗമിക്കുന്നു; ഗതാഗതക്കുരുക്കിൽ മുരുകപ്പൻചാൽ പാലം
Mail This Article
ആര്യങ്കാവ്∙ തിരുമംഗലം ദേശീയപാതയിൽ നവീകരണം പുരോഗമിക്കുന്ന മുരുകപ്പൻചാൽ പാലത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് തുടങ്ങിയ ഗതാഗതക്കുരുക്ക് ഒഴിവായത് 4 മണിയോടെ. വാഹനനിര ഇരുഭാഗത്തുമായി കഴുതുരുട്ടിയിലേക്കും ആര്യങ്കാവിലേക്കും നീണ്ടു. കെഎസ്ആർടിസി, തമിഴ്നാട് ആർടിസി ബസുകളും ചരക്കുലോറികളും ക്വാറി ഉൽപന്നങ്ങൾ കയറ്റുന്ന ലോറികളും മറ്റു യാത്രാവാഹനങ്ങളും പെരുവഴിയിലായി. ആംബുലൻസും വഴിയിൽ കുടുങ്ങി. പാലത്തിന്റെ ഇരുഭാഗത്തും കൽപാളികൾ നിരത്തുന്ന ജോലി നടക്കുന്നതിനാൽ ഇരുവശത്തേക്കും ഗതാഗതം ക്രമീകരിച്ചു കടത്തി വിടുകയായിരുന്നു.
നിയന്ത്രണം മറികടന്നെത്തിയ ടോറസ് ലോറികളും നിര തെറ്റിയെത്തിയ മറ്റു വാഹനങ്ങളും പാലത്തിന്റെ ഇരുഭാഗത്തും കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് ആരംഭിച്ചത്. കുരുക്കിനിടയിലേക്ക് കടന്നുകയറാൻ നോക്കിയ ചില വാഹനങ്ങൾ പാലത്തിന്റെ ഇരുവശത്തും കുരുക്കിന്റെ ആക്കം കൂട്ടിയതോടെ തർക്കമായി. ഗതാഗതക്കുരുക്ക് അറിയിച്ചിട്ടും പൊലീസ് സഹായം എത്തിയില്ല. മുരുകപ്പൻചാൽ പാലത്തിലെ ജോലി നടക്കുന്നതിനാൽ പാലത്തിന്റെ ഇരുഭാഗത്തും ഗതാഗതം നിയന്ത്രിച്ചു കടത്തിവിടാൻ ആളുണ്ട്. ഇവർ നൽകുന്ന നിർദേശം അവഗണിച്ചു വാഹനങ്ങൾ പാലത്തിലേക്കു കടന്നുകയറിയതോടെയായിരുന്നു ഗതാഗതം താറുമാറായത്.
കൽപ്പാളികൾ നിരത്തുന്നതിനാൽ സമാന്തരമായ പഴയപാലത്തിലൂടെ വാഹനം കടത്തിവിടാനാകാത്തതായിരുന്നു തിരിച്ചടി. ദീപാവലി അവധി ആയതിനാൽ തമിഴ്നാട്ടിൽ നിന്നുള്ളവർ കൂട്ടത്തോടെ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയതിനാൽ ദേശീയപാതയിൽ വാഹനബാഹുല്യം വർധിച്ചു. ദേശീയപാതയിലെ ഗതാഗതക്കുരുക്കും സ്തംഭനവും പതിവായിട്ടും പ്രശ്നം പരിഹരിക്കാൻ സംവിധാനമില്ല. ഗതാഗതം നിയന്ത്രിക്കുന്നവരുടെ നിർദേശങ്ങൾ പാലിക്കപ്പെടാത്തതോടെ നവീകരണം പൂർത്തിയാകും വരെ മുരുകപ്പൻചാൽ പാലത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.