മുഹമ്മദ് ബിലാൽ, നിങ്ങൾ എവിടെ; അച്ഛനായത് അറിഞ്ഞോ? റൂഹി കാത്തിരിക്കുന്നു, ഭർത്താവിനായി...
Mail This Article
പത്തനാപുരം∙ ഈ കുഞ്ഞിന്റെ മുഖം കാണാനെങ്കിലും തന്റെ ഭർത്താവ് മുഹമ്മദ് ബിലാൽ എത്തിയിരുന്നെങ്കിൽ? ബിഹാർ സ്വദേശിയും ഡൽഹി ആനന്ദ് വിഹാറിൽ താമസക്കാരിയുമായ റൂഹി ശർമയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ജന്മം നൽകിയ ആൺകുഞ്ഞുമായി ഭർത്താവിനെ കാത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് റൂഹി, മുഹമ്മദ് ബിലാലിനെ പരിചയപ്പെട്ടതും വിവാഹം ചെയ്തതും.
തുടർന്ന് ബിഹാറിൽ നിന്നും ഡൽഹിയിലേക്ക് താമസം മാറിയ റൂഹി ആറു വർഷത്തോളം ബാഡ്പുർ ജീൻസ് ഫാക്ടറിയിൽ ജോലി ചെയ്തു. ഇവിടെയായിരുന്നു ഭർത്താവിനും ജോലി. ഇതിനിടെ ഇവിടത്തെ ജോലി രാജി വച്ച് കേരളത്തിലേക്ക് ജോലി അന്വേഷിച്ച് മുഹമ്മദ് ബിലാൽ പോയി. ഗർഭിണിയായ റൂഹിയോടും മൂത്ത മകനായ പൃഥ്വിരാജിനോടും ട്രെയിനിൽ കേരളത്തിൽ കൊല്ലത്തെത്താൻ ആവശ്യപ്പെട്ടു. യാത്രാ മധ്യേ കയ്യിലുണ്ടായിരുന്ന ഫോണും രേഖകളും ഗർഭിണിയായ റൂഹിയുടെ മെഡിക്കൽ റിപ്പോർട്ടും ഉൾപ്പെടെ ട്രെയിനിൽ നഷ്ടമായി.
കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ റൂഹിയെയും മകനെയും സ്വീകരിക്കാൻ മുഹമ്മദ് ബിലാൽ എത്തിയില്ല. രേഖകളും ഫോൺനമ്പറും ഇല്ലാത്തതിനാൽ മുഹമ്മദ് ബിലാലിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റൂഹി പൊലീസിനോട് പറഞ്ഞത്. തുടർന്ന് കൊല്ലം മഹിളാ മന്ദിരത്തിൽ പ്രവേശിപ്പിച്ചെങ്കിലും അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ റൂഹിക്ക് സാധിച്ചില്ല. തുടർന്നാണ് കൊല്ലം വനിതാ ശിശു സംരക്ഷണ വകുപ്പിന്റെ ശുപാർശപ്രകാരം പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഗാന്ധിഭവനിൽ താമസിച്ചു വരുന്നതിനിടെയാണ് ആൺകുഞ്ഞിനു ജന്മം നൽകിയത്.