‘കളനാശി ഉള്ളിലെത്തി കരൾ, വൃക്ക, ശ്വാസകോശം തകർന്നു’; ഷാരോണിന്റെ മരണകാരണം വ്യക്തമാക്കി ഫൊറൻസിക് സർജൻ
Mail This Article
നെയ്യാറ്റിൻകര ∙ കഷായത്തിൽ വിഷം ചേർത്തു നൽകി, സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ, മരണ കാരണം വ്യക്തമാക്കി ഫൊറൻസിക് സർജൻ. ഷാരോണിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്ന്, പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് മെഡിസിൻ പൊലീസ് സർജൻ ധന്യാ രവീന്ദ്രൻ, അഡിഷനൽ സെഷൻസ് ജഡ്ജി എ.എം.ബഷീറിനു മുന്നിൽ മൊഴി നൽകി. കളനാശിനി ഉള്ളിൽ ചെന്നതാണ് മരണത്തിലേക്ക് നയിച്ചത്. കളനാശി ഉള്ളിൽ എത്തിയതോടെ കരൾ, വൃക്ക, ശ്വാസകോശം എന്നിവ തകർന്നു.
ആന്തരികാവയവങ്ങളിൽ നിന്നും രക്തത്തിൽ നിന്നും വിഷാംശം കണ്ടെത്തിയിരുന്നില്ല. വിഷം ഉള്ളിൽ ചെന്ന ശേഷം 24 മണിക്കൂറിനുള്ളിൽ കളനാശിനി വിസർജ്യത്തിലൂടെ പുറന്തള്ളും.ഷാരോണിന് 3 ഡയാലിസിസ് ചെയ്തിട്ടുണ്ട്. ഇതുകാരണം രക്തത്തിൽ കളനാശിനിയുടെ അംശം ലഭിക്കില്ലെന്നും ഡോക്ടർ വിശദീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ ഹാജരായി. വിസ്താരം വീണ്ടും വെള്ളിയാഴ്ച തുടരും.