‘പാർട്ടി സെക്രട്ടറിയുടെ അപ്പക്കഥ ഇവിടെ ചെലവാകില്ല; മഞ്ഞക്കുറ്റിയുമായി വന്നാൽ ചൂടപ്പം പോലെ മറുപടി തരും’
Mail This Article
ചങ്ങനാശേരി ∙ ‘പാർട്ടി സെക്രട്ടറിയുടെ അപ്പക്കഥ ഇനി ഇവിടെ ചെലവാകില്ല’– മാടപ്പള്ളി സിൽവർലൈൻ വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായ ഫിലോമിന തോമസിന്റെ താക്കീതാണിത്. മഞ്ഞക്കുറ്റിയുമായി ഉദ്യോഗസ്ഥർ വീണ്ടുമെത്തിയാൽ ഇനിയും സമരത്തിനിറങ്ങുമെന്ന് 64 വയസ്സുള്ള ഫിലോമിന പറയുന്നു. ‘സിൽവർലൈൻ വന്നാൽ പാലക്കാട്ടെ കൂറ്റനാട്ടു നിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുൻപേ തിരികെയെത്താം’ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ മാടപ്പള്ളി സമരപ്പന്തലിൽ നെയ്യപ്പം വിതരണം ചെയ്ത് പ്രതിഷേധിച്ചയാളാണു ഫിലോമിന.
സിൽവർലൈൻ പദ്ധതിക്ക് വേണ്ടി മാടപ്പള്ളി –തെങ്ങണ റോഡിൽ കുര്യച്ചൻപടിയിലെ ഫിലോമിനയുടെ വീടും സ്ഥലവും നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. വീടിനെ കീറിമുറിച്ചാണ് പദ്ധതി കടന്നുപോകുന്നത്. മാടപ്പള്ളി റീത്ത് പള്ളി ജംക്‌ഷനിൽ മഞ്ഞക്കുറ്റി നാട്ടാൻ എത്തിയവരെ തടയാൻ കുടുംബാംഗങ്ങളോടൊപ്പമാണ് അന്നു പോയത്. പ്രായത്തിന്റെ പരിഗണന പോലും നൽകാതെ പൊലീസ് തന്നെ വലിച്ചിഴച്ചത് ഇന്നും ഫിലോമിന കണ്ണീരോടെ ഓർക്കുന്നു. ‘‘കരഞ്ഞിട്ടും നിലവിളിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലായപ്പോൾ എങ്ങനെയോ ധൈര്യം വന്നു. പൊലീസ് പിടിച്ച് ബസിൽ കയറ്റാൻ നോക്കി. ഞാൻ പ്രതിരോധിച്ചുനിന്നു. അതോടെ ബസിൽ കയറ്റും മുൻപ് കൂടെയുണ്ടായിരുന്നവരെല്ലാം ചേർന്ന് എന്നെ രക്ഷപ്പെടുത്തി’’.
പദ്ധതി വീണ്ടും വന്നേക്കുമെന്ന് അറിഞ്ഞിട്ടും ഫിലോമിനയുടെ മുഖത്ത് ഭയമില്ല. വർഷങ്ങളോളം വാടകയ്ക്ക് താമസിച്ച് ഒടുവിൽ വച്ച വീടാണിത്. ജീവൻ പോയാലും നാലിരട്ടി പണം തരാമെന്ന് പറഞ്ഞാലും കിടപ്പാടം വിട്ടുകൊടുക്കില്ലെന്നു ഫിലോമിന പറയുന്നു. കുറുമ്പനാടത്ത് താമസിക്കുന്ന സഹോദരങ്ങളുടെ വീടും പദ്ധതിക്കായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇനി കുറ്റി നാട്ടാൻ വീണ്ടും എത്തുന്നവർക്ക് ചൂടപ്പം ഒരുക്കി കാത്തിരിക്കുകയാണെന്നും ഫിലോമിന പറയുന്നു. ഇന്ന് 4ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പാറമ്പുഴ കുഴിയാലിപ്പടിയിൽ പ്രതിഷേധ ജ്വാല നടത്തുമെന്ന് ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ പറഞ്ഞു.