ADVERTISEMENT

കൊല്ലം ∙ രാജ്യങ്ങളുടെയും ദേശങ്ങളുടെയും അതിർത്തികൾ ഭേദിച്ച് പല നാടുകൾ താണ്ടി പറന്നു വരുന്ന ദേശാടന പക്ഷികളുടെ കേരളത്തിലേക്കുള്ള മറ്റൊരു വിരുന്നു വരവിന് തുടക്കം. എല്ലാവർഷവും ഒക്ടോബർ മുതൽ നമ്മുടെ നാട്ടിലെ വിവിധ ജൈവ വൈവിധ്യ മേഖലകളിലേക്കുളള ദേശാടനപ്പക്ഷികളുടെ വരവ് ആരംഭിക്കും. ജില്ലയിലെ ബീച്ച് പ്രദേശങ്ങളിലാണ് ആദ്യം പക്ഷികൾ പ്രത്യക്ഷപ്പെടുന്നത്. പിന്നീടാണ് പാടശേഖരങ്ങളിലേക്കും തണ്ണീർത്തടങ്ങളിലേക്കും മലയോര മേഖലകളിലേക്കും ഇവ വ്യാപിക്കുന്നത്. പോളച്ചിറ, പാവുമ്പ ഏലാകൾ, വെള്ളനാതുരുത്ത്, പൊഴിക്കര ബീച്ചുകൾ, അരിപ്പ, ശെന്തുരുണി വനമേഖലകൾ എന്നിവയാണ് ജില്ലയിലെ പ്രധാന നിരീക്ഷണ കേന്ദ്രങ്ങൾ. 



കല്ലുരുട്ടിക്കാട
കല്ലുരുട്ടിക്കാട

ഭക്ഷണത്തിനായോ പ്രജനനത്തിനായോ പ്രതികൂലമായ കാലാവസ്ഥയിൽ നിന്ന് രക്ഷ നേടുന്നതിനായോ രാജ്യങ്ങൾ താങ്ങി പറക്കുന്ന പക്ഷികളാണ് ദേശാടന പക്ഷികൾ. ദേശാടന കാലത്ത് ഏറ്റവും അധികം ദൂരം യാത്ര ചെയ്യുന്നതിന്റെ റെക്കോർഡുള്ള വരവാലൻ ഗോഡ് വിറ്റ് (ബാർ ടെയ്‌ലെഡ് ഗോഡ്‌വിറ്റ്), ഉപഭൂഖണ്ഡത്തിനുള്ളിൽ ഗമനം നടത്തുന്ന നാകമോഹൻ (ഇന്ത്യൻ പാരഡൈസ് ഫ്ലൈക്യാച്ചർ), ഭൂഖണ്ഡങ്ങൾ താണ്ടി ഗമനം നടത്തുന്ന മണൽക്കോഴി (സാൻഡ് പ്ലവർ), ആളകൾ (ടേർൺസ്) എന്നിവ ഇതിനോടകം എത്തിക്കഴിഞ്ഞു. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ)  ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വംശനാശ ഭീഷണി നേരിടുന്ന കടൽക്കാട (കർല്യു സാൻഡ്പൈപർ), കല്ലുരുട്ടിക്കാട (റഡി ടേർൺസ്റ്റോൺ) തുടങ്ങിയ പക്ഷികളെയും ഈ വർഷം ജില്ലകളിലെ ബീച്ചുകളിൽ നിന്ന് പക്ഷി നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.









കടൽക്കാട
കടൽക്കാട

കൂടാതെ ആയിരക്കണക്കിന് മണൽക്കോഴികളും വരയൻ മണലൂതികളും പച്ചക്കാലികളും ചോരക്കാലികളും പതിവുപോലെ കൊല്ലത്തെ വിവിധ ബീച്ചുകളിൽ എത്തിയിട്ടുണ്ട്. ജില്ലയിൽ ഇത്തവണ ഒക്ടോബർ ആദ്യം മുതൽ ആരംഭിച്ച ദേശാടനക്കിളികളുടെ വരവിൽ കഴിഞ്ഞ ആഴ്ചകളിലെ മഴ സജീവമായതോടെ ചെറിയ കുറവ് വന്നിരുന്നു. ഇപ്പോൾ വീണ്ടും ദേശാടനക്കിളികൾ വന്നുതുടങ്ങിയിട്ടുണ്ട്. 







തെറ്റിക്കൊക്കൻ
തെറ്റിക്കൊക്കൻ

ദേശാടന കാലം പക്ഷികളുടെ കണക്കെടുപ്പിന്റെ കൂടി സമയമാണ്. ഓഗസ്റ്റ് മുതൽ മാർച്ച് വരെ തുടർച്ചയായി മാസത്തിൽ ഒരിക്കൽ നടത്തുന്ന തീര പക്ഷികളുടെ സർവേ കേരള ബീച്ച് കോംബിങ് നിലവിൽ നടന്നു കൊണ്ടിരിക്കുകയാണ്. ജലപ്പക്ഷികളുടെ സർവേ ഏഷ്യൻ വാട്ടർ ബേഡ് സെൻസസ് ജനുവരിയിലാണ് നടക്കുക. വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള സർവേകൾ അനുമതി ലഭ്യമാകുന്നതിന് അനുസരിച്ച് എല്ലാ വർഷവും നടക്കും. 





വരയൻ മണലൂതി (പക്ഷി നിരീക്ഷകൻ ഷിയാസ് ഷംസ് 

പകർത്തിയ ചിത്രം)
വരയൻ മണലൂതി (പക്ഷി നിരീക്ഷകൻ ഷിയാസ് ഷംസ് പകർത്തിയ ചിത്രം)

ജില്ല കേന്ദ്രീകരിച്ച് പക്ഷി നിരീക്ഷണങ്ങളും സർവേകളും ഏകോപിപ്പിക്കുന്നത് കൊല്ലം ബേഡിങ് ബറ്റാലിയൻ, ക്വയിലോൺ നേച്ചർ സൊസൈറ്റി, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ലുഡബ്ല്യുഎഫ്) തുടങ്ങിയ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മകളിലൂടെയാണ്. വനംവകുപ്പിന്റെയും സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന്റെയും മേൽനോട്ടത്തിൽ കൊല്ലം ബേഡിങ് ബറ്റാലിയൻ വൊളന്റിയർമാരാണ് ജില്ലയിലെ സർവേ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.   

ദേശാടന പക്ഷികളുടെ ഈ വരവ് ഏകദേശം മാർച്ച്–ഏപ്രിൽ മാസങ്ങൾ വരെ തുടരും. തുടർന്ന് പൂർണമായും കേരള ഭാഗങ്ങളിൽ നിന്ന് ഇവ പിൻവാങ്ങും. വടക്കൻ കേരളത്തിലാണ് ദേശാടന പക്ഷികളെ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത തുടങ്ങുന്നത്. പിന്നീട് അവയുടെ സഞ്ചാരപഥത്തിന് അനുസരിച്ച് ക്രമേണ തെക്കൻ കേരളത്തിലേക്ക് വ്യാപിച്ചു വരികയാണ് ചെയ്യുന്നത്.

English Summary:

Each year, migratory birds journey vast distances, gracing Kerala with their presence. This annual event offers a unique opportunity to witness the beauty of nature and explore the rich biodiversity of Kerala's diverse ecosystems.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com