ADVERTISEMENT

പുനലൂർ ∙ ഡിജിറ്റൽ സർവേ നടപടികൾ പുരോഗമിക്കുന്ന പുനലൂർ താലൂക്കിലെ 8 വില്ലേജുകളിൽ മൂന്നാം ഘട്ടത്തിൽ സർവേ പൂർത്തിയാക്കും. ആയിരനെല്ലൂർ, ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, തിങ്കൾകരിക്കം, ചണ്ണപ്പേട്ട, അലയമൺ, കരവാളൂർ വില്ലേജുകളിലാണ് ഇനി സർവേ നടക്കാനുള്ളത്. ഡ്രോണും റോബോട്ടിക് ഇടിഎസും അടക്കം നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്.സർവേ പൂർത്തിയാക്കി ഡിജിറ്റൽ ഭൂരേഖകൾ തയാറാക്കുന്നതോടെ വിവിധ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി ഇവ നേരിടുന്നതിനും സഹായകമാകും. ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാക്കുന്ന, ഭൂമി സംബന്ധമായ വിവരങ്ങൾ 'എന്റെ ഭൂമി' പോർട്ടൽ വഴി പരിശോധിക്കുകയും ചെയ്യാം.

ആകെയുള്ള 15 വില്ലേജുകളിൽ ഒന്നും രണ്ടും ഘട്ടങ്ങളായി ഏഴിടത്താണ് സർവേ നടന്നുവരുന്നത്. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്ന പുനലൂർ, വാളക്കോട്, ഇടമൺ വില്ലേജുകളിൽ റീസർവേ പൂർത്തിയാക്കി വിവരങ്ങൾ പൊതുജനത്തിന് പരിശോധനയ്ക്കായി പ്രസിദ്ധീകരിക്കുന്ന 9(2) ഘട്ടത്തിലാണ്. ഇത് പൂർത്തിയായാൽ അന്തിമ പ്രസിദ്ധീകരണം നടത്തി ഭരണത്തിന് കൈമാറും. രണ്ടുവർഷം മുൻപ് പുനലൂർ താലൂക്കിൽ ആരംഭിച്ച ഡിജിറ്റൽ റീസർവേ ഇതേവരെ പൂർത്തിയായത് 10,866 ഹെക്ടറിൽ. ഏരൂർ വില്ലേജിൽ ജോലികൾ തുടങ്ങിയിട്ടേയുള്ളൂ. 

ഒന്നാം ഘട്ടത്തിൽ പുനലൂർ വില്ലേജിൽ 1,655 ഹെക്ടറിലാണ് സർവേ പൂർത്തിയാക്കിയത്. 1,7133 കൈവശങ്ങളും സർവേ ചെയ്തു. വാളക്കോട്ട് 1,775 ഹെക്ടർ സർവേ പൂർത്തിയാക്കി 2,645 കൈവശങ്ങളും സർവേ ചെയ്തു. ഇടമണിൽ 5,594 ഹെക്ടർ സർവേ പൂർത്തിയാക്കി 10,266 കൈവശങ്ങളും സർവേ ചെയ്തു. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ അഞ്ചൽ, അറയ്ക്കൽ, ഇടമുളയ്ക്കൽ വില്ലേജുകളിൽ സർവേ നടന്നുവരികയാണ്.  2494 ഹെക്ടർ വിസ്തൃതിയുള്ള അഞ്ചൽ വില്ലേജിൽ 960 ഹെക്ടറിൽ (38.5 %) സർവേ പൂർത്തിയായിട്ടുണ്ട്. 

9,100 കൈവശങ്ങളുടെ സർവേയും പൂർത്തിയാക്കി. 1,735 ഹെക്ടർ വിസ്തൃതിയുള്ള അറയ്ക്കൽ വില്ലേജിൽ 754 ഹെക്ടർ (43.46 %) സർവേ പൂർത്തിയാക്കി 6520 കൈവശങ്ങളും സർവേ ചെയ്തു. 2048 ഹെക്ടർ വിസ്തൃതിയുള്ള ഇടമുളയ്ക്കൽ വില്ലേജിൽ 128 ഹെക്ടറിൽ (6.25%) സർവേ പൂർത്തിയാക്കി 1681 കൈവശങ്ങളും സർവേ ചെയ്തു. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള പുനലൂർ താലൂക്കിൽ ഇതര താലൂക്കുകളെ അപേക്ഷിച്ച് ഏറെ പ്രതിബന്ധങ്ങൾ നേരിട്ടാണ് ഡിജിറ്റൽ സർവേ നടപടികൾ മുന്നോട്ടു കൊണ്ട് പോകുന്നത്.

English Summary:

Eight villages in Punalur taluk are moving towards modernized land records with the completion of the third phase of the digital survey. This initiative aims to improve accessibility and transparency in land ownership information.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com