കാട്ടുപന്നികളുടെ ശല്യം രൂക്ഷം; കൃഷി ഉപേക്ഷിച്ച് കർഷകർ
Mail This Article
പൂയപ്പള്ളി ∙ കാട്ടുപന്നികൾ വിളകൾ നശിപ്പിക്കുന്നത് മൂലം കർഷകർ കൃഷി ഉപേക്ഷിക്കുന്നു. വെളിയം, പൂയപ്പള്ളി, വെളിനല്ലൂർ, ഇളമാട്, ചടയമംഗലം, ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്തുകളിലാണ് പന്നിശല്യം രൂക്ഷമായത്. മരച്ചീനി, വാഴ, പച്ചക്കറി തുടങ്ങിയ കാർഷികവിളകളാണ് കൂടുതലായും നശിപ്പിക്കുന്നത്. വയലേലകളിൽ കൃഷി ചെയ്തിട്ടുള്ള ചേന, ചേമ്പ്, തുടങ്ങിയ പച്ചക്കറികൾ പോലും കുത്തിമറിച്ചിട്ട് നശിപ്പിക്കുന്നത് പതിവാകുന്നു.
മണ്ണിരകളെ പിടികൂടുന്നതിനായി മണ്ണ് കുത്തിയിളക്കുന്നതാണ് പച്ചക്കറികളും മറ്റും നശിക്കാൻ കാരണം. പന്നിശല്യം രൂക്ഷമായതോടെ പൂയപ്പള്ളി പഞ്ചായത്തിലെ നെല്ലിപ്പറമ്പ്, പാണയം, താഴേ മൂഴി തുടങ്ങിയ പല പ്രദേശങ്ങളിലും കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം പൂയപ്പളളി ജംക്‌ഷന് കിഴക്ക് മേലേപ്പുരയിൽ ബാബുവിന്റെ കൃഷിയിടത്തിലെ മരച്ചീനിക്കൃഷി നശിപ്പിച്ചിരുന്നു. കനാലുകളിലെ കാടുകളിലാണ് പന്നികൾ തമ്പടിക്കുന്നത്.