രോഗിയുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അധികാരമില്ല: അബ്ദുൽ ഹക്കിം
Mail This Article
കൊല്ലം∙ രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെന്റുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കിം. അക്യുപങ്ചർ ഹീലർമാരുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികളിൽ നടത്തിയ പരിശോധനകൾ, ശസ്ത്രക്രിയകൾ, നൽകിയ മരുന്നുകൾ, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള രോഗിയുടെ അവസ്ഥ എന്നിവയെല്ലാം ഡിസ്ചാർജ് സമ്മറിയിൽ ആർക്കും വായിക്കാവുന്ന വിധത്തിൽ നൽകണം. നല്‍കിയില്ലെങ്കിൽ വിവരാവകാശ നിയമം അവരുടെ രക്ഷയ്ക്കുണ്ടെന്നും 48 മണിക്കൂറിനകം ഡിഎംഒ അതു വാങ്ങി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇത് വെറും കുത്തിവരയാകരുത്. മരുന്നിന് കുത്തിവര കുറുപ്പടി എഴുതുന്ന ഡോക്ടർമാർ രോഗിയുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണ്. സ്വകാര്യ ചികിത്സാരംഗവും മരുന്ന് വ്യാപാരവും ചൂഷണമേഖലയായി മാറിയിട്ടുണ്ട്. രോഗീസൗഹൃദ ചികിത്സാ രീതിയായ അക്യുപങ്ചർ മേഖലയിൽ ഓഡിറ്റിങ്ങും ഗവേഷണവും വേണം’ – അദ്ദേഹം കൂട്ടിച്ചേർത്തു. ഇരവിപുരം എംഎൽഎ എം.നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം രോഗശമനമുണ്ടാക്കാൻ കഴിയുന്ന ചികിത്സാ രീതികൾക്കേ പ്രോത്സാഹനം ലഭിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. മണക്കാട് നജ്മുദ്ദിൻ, അബ്ദുൽ കബീർ കോടനിയിൽ, സയ്യിദ്അക്രം, ഷുഹൈബ് രിയാലു, സുധീർ സുബൈർ എന്നിവർ സംസാരിച്ചു. 450 ഹീലർമാർ ബിരുദം നേടി.