മുല്ലയ്ക്കൽ തെരുവിലെ റോഡിൽ ചാക്ക് വിരിച്ചു കിടന്നു: അതൊക്കെ ദുഃസ്വപ്നം; ചൈതന്യ അയർലൻഡിലേക്ക്
Mail This Article
പത്തനാപുരം∙ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലെ റോഡിൽ ചാക്ക് വിരിച്ചു കിടന്ന സഹോദരിമാരിൽ ഒരാൾ ഇന്നലെ അയർലൻഡിലേക്കു പറന്നു. ബിഎസ്‌സി നഴ്സിങ് ബിരുദധാരിയായ ഗാന്ധിഭവൻ അന്തേവാസി ചൈതന്യയാണ് ജോലിക്കായി അയർലൻഡിലേക്കു പോയത്. ഒന്നര വയസ്സുള്ളപ്പോൾ അമ്മയും ആറു വയസ്സുള്ളപ്പോൾ അച്ഛനും മരിച്ച ചൈതന്യയെയും രണ്ട് സഹോദരിമാരെയും ബന്ധുക്കൾ ഏറ്റെടുത്തെങ്കിലും, മാസങ്ങൾക്കുള്ളിൽ തന്നെ അവർ ഒറ്റപ്പെടുകയായിരുന്നു.
വീടുകളിൽ അടുക്കള ജോലി ചെയ്താണ് ചെറു പ്രായത്തിൽ കഴിഞ്ഞത്. ഇവരുടെ ദുരിത ജീവിതം കണ്ട് ആലപ്പുഴ എസ്ഡിവി സ്കൂളിലെ അധ്യാപകർ ഇവരെ ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് പഠിച്ച ചൈതന്യ നഴ്സിങ് ബിരുദം പൂർത്തിയാക്കി, കൊല്ലത്തെ സ്വകാര്യ നഴ്സിങ് കോളജിൽ അധ്യാപികയായി ജോലി ചെയ്തുവരവെ ഒഇടി പരീക്ഷ പാസാകുകയും അയർലൻഡിലേക്കു പോകുന്നതിന് യോഗ്യത നേടുകയുമായിരുന്നു.ഇതിനിടയിൽ പാറശാല സ്വദേശിയും നഴ്സിങ് ബിരുദ ധാരിയുമായ അഖിൽ.എസ്.കമലുമായി വിവാഹ നിശ്ചയവും കഴിഞ്ഞു. ആദ്യ അവധിക്ക് നാട്ടിലെത്തുമ്പോൾ ഇരുവരുടെയും വിവാഹം നടത്തുമെന്ന് യാത്രയയ്ക്കാനെത്തിയ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു.