ADVERTISEMENT

അഞ്ചാലുംമൂട് ∙ അഷ്ടമുടിക്കായലിൽ വേളാപ്പാരയെ വളർത്തിയെടുക്കാൻ പരീക്ഷണ പദ്ധതിയുമായി കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം. ഐസിഎആർ– സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിൽ കൃത്രിമമായി ഉൽപാദിപ്പിച്ച വേളാപ്പാര മത്സ്യ കുഞ്ഞുങ്ങളെ അഷ്ടമുടിക്കായലിൽ കൂട് കൃഷിയിൽ വളർത്തുന്നതിനുള്ള പരീക്ഷണത്തിനാണ് തുടക്കം കുറിച്ചത്. ഇതിനായി അഷ്ടമുടി, പ്രാക്കുളം, തെക്കുംഭാഗം എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 3 കൂട് മത്സ്യ കർഷകർക്ക് കുഞ്ഞുങ്ങളെ കൈമാറി. ‌

ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ മത്സ്യത്തിന്റെ കൃത്രിമ പ്രജനനത്തിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.  വിപണി മൂല്യമുള്ള ഈ മത്സ്യത്തിന്റെ കൃത്രിമ പ്രജനനത്തിനായുള്ള സാങ്കേതിക വിദ്യ ഇന്ത്യയെ കൂടാതെ ഫിലിപ്പീൻസ് മാത്രമേ വികസിപ്പിച്ചിട്ടുള്ളു എന്നും പൂർണമായും ഹാച്ചറിയിൽ ഉൽപാദിപ്പിച്ച വേളാപ്പാര മത്സ്യ കുഞ്ഞുങ്ങളെ കൃഷിക്കായി ഉപയോഗിക്കുന്നത് ലോകത്ത് ആദ്യമായാണ് അധികൃതർ പറഞ്ഞു. 

ഒരു വർഷം കൊണ്ട് നല്ല വളർച്ചയിലെത്തുന്ന ഇനം മത്സ്യമാണ് വേളാപ്പാര. പരീക്ഷണം വിജയകരമാകുന്നതോടെ കൂടുതൽ ഇടങ്ങളിൽ വേളാപ്പാരയുടെ കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. മത്സ്യ കുഞ്ഞുങ്ങളെ കൂടുകളിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം അഷ്ടമുടിയിൽ മത്സ്യ കർഷകനായ കിരണിന്റെ മത്സ്യ കൃഷി സ്ഥലത്ത് നടന്നു. 

ചടങ്ങിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്, മുൻ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ, മാരികൽചർ വിഭാഗം മുൻ മേധാവി ഡോ, ജി.ഗോപകുമാർ, മാരികൽചർ വിഭാഗം മേധാവി ഡോ.വി.ആർ.സുരേഷ് , ഓൾ ഇന്ത്യ നെറ്റ്‌വർക്ക് പ്രൊജക്റ്റ് മേധാവി ഡോ . ബോബി ഇഗ്‌നേഷ്യസ് ,വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ.ബി.സന്തോഷ്, പ്രോജക്ട് ലീഡർ ഡോ.അംബരീഷ് പി ഗോപ്. പ്രോജക്ട് റിസർചർ മുഹമ്മദ് അൻസീർ എന്നിവർ പ്രസംഗിച്ചു. വിഴിഞ്ഞം കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ മത്സ്യ കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

The Central Marine Fisheries Research Institute (CMFRI) has launched a groundbreaking pilot project in India, utilizing fully hatchery-produced vellappara juveniles for cage farming in Ashtamudi Lake. This innovative approach marks a global first and positions India as a leader in sustainable aquaculture practices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com