ഇന്ധനം നിറച്ചതിന്റെ മുഴുവൻ പണവും നൽകിയില്ല; ചാത്തന്നൂർ പെട്രോൾ പമ്പിൽ രണ്ടുതവണ ആക്രമണം; പരുക്ക്
Mail This Article
ചാത്തന്നൂർ ∙ ഇന്ധനം നിറച്ചതിന്റെ മുഴുവൻ പണവും നൽകണമെന്ന് ആവശ്യപ്പെട്ടതിനു പെട്രോൾ പമ്പിൽ രണ്ടു തവണ ആക്രമണം. ജീവനക്കാർക്കും ഇന്ധനം നിറയ്ക്കാൻ എത്തിയ വാഹനങ്ങളിലെ ആളുകൾക്കും മർദനമേറ്റു. ജീവനക്കാരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർക്കു മാരകമായി പരുക്കേറ്റു. ചാത്തന്നൂർ റോയൽ പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ 10.30നും ഉച്ചയ്ക്കു 1.45നുമാണ് ആക്രമണം നടന്നത്.
പെട്രോൾ പമ്പ് ജീവനക്കാരൻ താഴം വടക്ക് ഗോകുൽ നിവാസിൽ ഗോകുൽ (19), ഓട്ടോ ഡ്രൈവർ മാമ്പള്ളിക്കുന്നം അജീഷ് ഭവനിൽ അജീഷ് (33) എന്നിവരെയാണ് ആക്രമിച്ചത്. അജീഷിന്റെ തലയിലെ മുറിവിൽ 20 തുന്നലുണ്ട്. രാവിലെ കാറിൽ എത്തിയവർ ഡോർ തുറക്കാതെ ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു. 500 രൂപയുടെ പെട്രോൾ അടിച്ചപ്പോൾ 300 രൂപയ്ക്ക് ആണെന്നു പറഞ്ഞു തർക്കിച്ചു. പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരനെ മർദിച്ചു. മർദനമേറ്റു നിലത്തു വീണ ജീവനക്കാരനെ താഴെയിട്ട് ചവിട്ടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ആക്രമണം സംബന്ധിച്ചു ജീവനക്കാരനും പമ്പ് മാനേജരും ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. ഉച്ചയ്ക്കു ശേഷം ഏതാനും പേരെയും കൂട്ടി സംഘം വീണ്ടും പെട്രോൾ പമ്പിൽ എത്തി ആക്രമണം അഴിച്ചു വിട്ടു. ജീവനക്കാരനെ തിരഞ്ഞു പിടിച്ചു മർദിച്ചു. കസേരകൾ എടുത്തു അടിച്ചു. പമ്പിൽ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർ അജീഷ് മർദനം തടയാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായ സംഘം അജീഷിനെ ആക്രമിച്ചു. ഇതിനിടെ അക്രമി സംഘത്തിലെ ഒരാൾ കുത്തി പരുക്കേൽപിക്കാനും ശ്രമിച്ചു. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ പൊലീസ് കേസെടുത്തു.