പെട്രോൾ പമ്പ് ആക്രമണം: പ്രതികളെ റിമാൻഡ് ചെയ്തു
Mail This Article
ചാത്തന്നൂർ ∙ ഇന്ധനം നിറച്ചതിന്റെ തുക മുഴുവൻ നൽകണമെന്ന് ആവശ്യപ്പെട്ടതിനു പെട്രോൾ പമ്പിൽ രണ്ടു തവണ ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. ചാത്തന്നൂർ ഏറം കുഴിവിള വീട്ടിൽ പ്രഹാൻ (31), കല്ലുവാതുക്കൽ നടയ്ക്കൽ ശാന്തി ഭവനിൽ ശ്യാം (34) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പ്രതികളെ ചാത്തന്നൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.ചാത്തന്നൂർ റോയൽ പെട്രോൾ പമ്പിൽ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. പമ്പ് ജീവനക്കാരൻ താഴം വടക്ക് ഗോകുൽ നിവാസിൽ ഗോകുൽ (19), ഓട്ടോ ഡ്രൈവർ മാമ്പള്ളിക്കുന്നം അജീഷ് ഭവനിൽ അഷീഷ് (33) എന്നിവരെയാണ് ആക്രമിച്ചത്.
കാറിൽ ഇന്ധനം നിറച്ചതിന്റെ തുക സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിനു കാരണം. പൂർണമായും തുക വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരനെ മർദിച്ചു. ആക്രമണം സംബന്ധിച്ചു പെട്രോൾ പമ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം പ്രതികൾ പെട്രോൾ പമ്പിൽ എത്തി വീണ്ടും ആക്രമണം നടത്തി.ജീവനക്കാരനെ മർദിക്കുന്നത് വിലക്കിയപ്പോൾ ഓട്ടോ ഡ്രൈവർ അജീഷിനെ ആക്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബിജു, രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജി കുമാർ, പ്രശാന്ത്, സിപിഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്.