ADVERTISEMENT

ശാസ്താംകോട്ട ∙ കൊല്ലം – തേനി, ഭരണിക്കാവ് – വണ്ടിപ്പെരിയാർ ദേശീയപാതകൾ സംഗമിക്കുന്ന തിരക്കേറിയ ഭരണിക്കാവ് ജംക്‌ഷനിൽ അത്യാധുനിക ട്രാഫിക് നിയന്ത്രണ സംവിധാനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരിടത്തു ബസിറങ്ങിയ ശേഷം അടുത്ത ബസിൽ കയറാൻ അര കിലോമീറ്ററോളം നടക്കണം. യാത്രക്കാരുടെ നടപ്പുദുരിതം ഒഴിവാക്കാൻ ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനും നടപടിയില്ല. 

4 പ്രധാന റോഡുകൾ ചേരുന്ന ഭരണിക്കാവ് ജംക്‌ഷനിൽ അടുത്തിടെ ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാൽ, വീതികുറഞ്ഞ റോഡുകളിലെ അശാസ്ത്രീയ പാർക്കിങ്ങും ബസ് ബേ ഉറപ്പാക്കാത്തതും സ്ഥിതി വഷളാക്കി. സിഗ്നൽ പോസ്റ്റ് കടന്നു ജംക്‌ഷന്റെ മധ്യത്തിലാണു മിക്ക വാഹനങ്ങളും നിർത്തുന്നത്. ഇതുകാരണം ഗ്രീൻ സിഗ്നൽ വരുന്നത് അറിയാൻ പറ്റാതെയാകും. പിന്നിൽ നിന്നുള്ള വാഹനങ്ങൾക്കു കടന്നുപോകാനും കഴിയാറില്ല.

സിഗ്നൽ തെറ്റിച്ച് എത്തുന്ന ഒട്ടേറെ വാഹനങ്ങളാണു ജംക്‌ഷനിൽ കൂട്ടിയിടിച്ചത്. ഇടതുവശത്തേക്കു തിരിയേണ്ട വാഹനങ്ങൾക്കു കടന്നു പോകാനും സൗകര്യമില്ല. ഓരോ റോഡിലും സിഗ്നലിൽ നിന്നു കൃത്യമായ ദൂരം ഉറപ്പാക്കി ബസ് ബേ മാർക്ക് ചെയ്തെങ്കിലും ബസുകൾ മിക്കപ്പോഴും ഇവിടേക്ക് എത്താറില്ല. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ ജംക്‌ഷനിൽ തന്നെ നിർത്തുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.

ബസ് ബേ അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മറ്റ് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്. കാത്തിരിപ്പു കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ മഴയിലും വെയിലിലും യാത്രക്കാർ റോഡിൽ തന്നെ നിൽക്കണം. ഒരു കോടി രൂപ ചെലവിട്ട് ബസ് സ്റ്റാൻഡ് നിർമിച്ചെങ്കിലും ഉപയോഗിക്കാതെ നശിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. ഓരോ റോഡിലും ഉദ്യോഗസ്ഥരെ ഉറപ്പാക്കി ട്രാഫിക് സിഗ്നൽ അനുസരിച്ചു ഗതാഗതം ഉറപ്പാക്കണമെന്നാണ് ആവശ്യം.

‘അശാസ്ത്രീയം’
ട്രാഫിക് അഡ്വൈസറി കമ്മിറ്റി പോലും ചേരാതെ ഭരണിക്കാവ് ടൗണിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണം അശാസ്ത്രീയമാണെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി. ടൈമർ സ്ഥാപിച്ച് സിഗ്നൽ പ്രവർത്തിപ്പിക്കാത്തതിനാൽ 3 തവണ ഗ്രീൻ സിഗ്നൽ കിട്ടിയാൽ പോലും ബസുകൾക്കു കടന്നുപോകാൻ കഴിയുന്നില്ല. ബസുകളുടെ സമയക്രമത്തെ ഇതു ബാധിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിന്റെ അപാകതകൾ പരിഹരിച്ച് ഉപയോഗപ്രദമാക്കണം. ട്രാഫിക് കമ്മിറ്റി ചേർന്ന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ, സെക്രട്ടറി സഫ അഷ്റഫ് എന്നിവർ പറഞ്ഞു.

English Summary:

Punalur, Bharanikavu Junction, where the Kollam-Theni and Punalur-Vandiperiyar National Highways meet, urgently requires a modern traffic control system to alleviate traffic snarls. The lack of a dedicated bus stand forces passengers to walk long distances to switch buses, causing significant inconvenience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com