ലോക മത പാർലമെൻറ് വത്തിക്കാനിൽ: ഫാദർ വരിഞ്ഞവിള പ്രത്യേക ക്ഷണിതാവ്
Mail This Article
കൊല്ലം∙ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത നേതാക്കൾ പങ്കെടുക്കുന്ന ലോക മത പാർലമെന്റിൽ ഫാദർ കോശി ജോർജ് വരിഞ്ഞവിളയെ പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തു. വത്തിക്കാനിൽ നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെയാണ് ലോക മത പാർലമെന്റ് നടക്കുന്നത്. ലോക മത പാർലമെന്റിൽ കേരളത്തിൽ നിന്ന് മത സാഹോദര്യത്തിന്റെ കാവലാൾ ഫാദർ കോശി ജോർജ് വരിഞ്ഞവിളയെ പ്രത്യേക ക്ഷണിതാവായി അറിയിച്ചുകൊണ്ടുള്ള കത്ത് വത്തിക്കാൻ സെക്രട്ടറിയേറ്റിൽ നിന്ന് നവംബർ എട്ടാംതീയതിയാണ് എത്തിയത്.
നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലമായ വർക്കല ശിവഗിരിലേക്ക് പോകുന്ന കോട്ടയം നാഗമ്പടം, പുത്തൂർ നിന്നുമുള്ള പദയാത്രികർക്ക് പ്രാർഥനയ്ക്കും വിശ്രമത്തിനും, കൊല്ലം ജില്ലയിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട വരിഞ്ഞവിള സെൻറ് ജോർജ് പള്ളി തുറന്നു കൊടുത്തത് ഫാദർ കോശി ജോർജ് വരിഞ്ഞവിളയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ചെയ്ത മാതൃക കേരളത്തിൽ മതസാഹോദര്യത്തിന് പുതിയ ഒരു അധ്യായം കുറിച്ചു.
1999-ൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖ പ്രഥമൻ പാത്രിയാർക്കീസ് ബാവായിൽ നിന്ന് ശെമ്മാശപട്ടവും 2001-ൽ ഡോ. തോമസ് മാർ അത്താനസിയോസ് മെത്രാപ്പോലീത്തയിൽ നിന്ന് പൗരോഹിത്യ സ്ഥാനവും സ്വീകരിച്ചു. ഭാര്യ സൂസൻ കോശി കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും, മകൾ ഹെലനി സാറ കോശി വെല്ലൂർ സി.എം.സിയിൽ മെഡിസിൻ വിദ്യാർഥിയും മകൻ ഹോഷിദ് ജോർജ് കോശി മദ്രാസ് ക്രിസ്ത്യൻ കോളജിലെ ബിരുദ വിദ്യാർഥിയുമാണ്.