കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; 2 പേർക്ക് പരുക്ക്
Mail This Article
കരുനാഗപ്പള്ളി ∙ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പ്രവർത്തകർ തമ്മിലടി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ബി.കെ.ഹാഷിമിനും അനുജനും ഡിവൈഎഫ്ഐ മേഖലാ ട്രഷററും സിപിഎം കുലശേഖരപുരം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ഹാരിസിനും ആണു മർദനമേറ്റത്. ഇവർ രാത്രിയിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സിപിഎം ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ടു ചിലർ നടത്തിയ ഗ്രൂപ്പ് യോഗം ഇവർ തടസ്സപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു മർദനമെന്നു പറയുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപ് ചിലർ ഗ്രൂപ്പിന്റെ പേരിൽ ഒത്തുചേർന്നപ്പോൾ തടസ്സപ്പെടുത്തിയ ഹാരിസിന്റെ ഫോൺ ഇവരിലൊരാൾ തട്ടിപ്പറിച്ചു കൊണ്ടുപോയതായി പറയുന്നു. പാർട്ടിക്കു പരാതി നൽകിയപ്പോൾ തിരികെ വാങ്ങി നൽകാമെന്നു പറഞ്ഞെങ്കിലും തിരികെ വാങ്ങി നൽകിയില്ല. ഇന്നലെ രക്തസാക്ഷി ദിനാചരണ സമ്മേളനം കഴിഞ്ഞപ്പോൾ കുറെ പേർ ചേർന്നു വളഞ്ഞിട്ട് മർദിക്കുകയായിരുന്നു എന്നാണു പറയുന്നത്. കണ്ടാലറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പേരിൽ പൊലീസിനു പരാതി നൽകും.
കരുനാഗപ്പള്ളി പോക്കാട്ടുമുക്കിൽ ആണു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യുവജന റാലിയും യോഗവും നടന്നത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ആണ് ഉദ്ഘാടനം ചെയ്തത്. പരസ്പരമുള്ള പോരിനെത്തുടർന്നു സിപിഎമ്മിന്റെ 7 ലോക്കൽ കമ്മിറ്റികൾ നിർത്തി വച്ച കരുനാഗപ്പള്ളിയിൽ പാർട്ടിയിലെ ഗ്രൂപ്പ് പോര് ഡിവൈഎഫ്ഐയിലേക്കും വ്യാപിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണു തമ്മിലടി എന്നു വിലയിരുത്തപ്പെടുന്നു. നിർത്തി വച്ച ലോക്കൽ സമ്മേളനങ്ങൾ നാളെ മുതൽ സമവായത്തിലൂടെ ആരംഭിക്കാൻ സിപിഎം സംസ്ഥാന നേതാക്കൾ തന്നെ രംഗത്തിറങ്ങുമ്പോഴാണു പുതിയ സംഭവം.