നിയന്ത്രണത്തിന് ആളില്ല; കൂട്ടിക്കടയിൽ വാഹനങ്ങളുടെ നീണ്ടനിര, ഗതാഗതം കുരുക്കിൽ
Mail This Article
കൊല്ലം∙ കൂട്ടിക്കടയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ നാട്ടുകാരുടെ പെടാപ്പാട്. ഒരു മാസം മുൻപ് ഇവിടെ ട്രാഫിക് വാർഡന്റെ സേവനം തുടങ്ങിയിരുന്നു. ട്രാഫിക് വാർഡന്റെ ശ്രമഫലമായി ഏറെക്കുറെ കുരുക്ക് അഴിക്കാനായെങ്കിലും ജോലിക്കൂടുതൽ കാരണംഒഴിവായി . ഇതോടെ കൂട്ടിക്കട ജംക്‌ഷൻ വീണ്ടും ഗതാഗതക്കുരുക്കിലായി. രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് വലിയ തോതിൽ അനുഭവപ്പെടുന്നത്. ഒരു മാസം മുൻപ് വലിയ അപകടത്തിൽ നിന്ന് വാഹനയാത്രക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ഗേറ്റ് അടയ്ക്കുന്നതിനിടെ ഗതാഗതക്കുരുക്കിൽപെട്ട് ഗേറ്റിനും പാളത്തിനും ഇടയിൽ കാർ കുടുങ്ങുകയായിരുന്നു. ഈ സമയം ട്രെയിൻ എത്തിയെങ്കിലും സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് വേഗം കുറവായിരുന്നതിനാൽ ഗേറ്റിന് 10 മീറ്റർ അകലെ നിർത്താൻ സാധിച്ചു. സമാനമായ സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. ഗതാഗതക്കുരുക്കിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി തട്ടാമല ഭാഗത്തേക്കുള്ള റോഡിൽ അരിവാൾ മുക്ക് വരെയാണ് വാഹനങ്ങളുടെ നിര. കൂട്ടിക്കട ജംക്‌ഷനിലേക്ക് മയ്യനാട്, പീഠികമുക്ക്, തട്ടാമല, വാളത്തുംഗൽ എന്നിങ്ങനെ നാലു ഭാഗത്തു നിന്നുമാണ് വാഹനങ്ങൾ എത്തുന്നത്.
റെയിൽവേ ഗേറ്റ് തുറക്കുമ്പോൾ നാലു ഭാഗത്തു നിന്നുമുള്ള വാഹനങ്ങൾ തലങ്ങും വിലങ്ങും പോകാൻ ശ്രമിക്കും. ഇതാണ് കുരുക്കിന് ഇടയാക്കുന്നത്. മയ്യനാട്, വാളത്തുംഗൽ ഭാഗത്തു നിന്ന് രോഗികളുമായി എത്തുന്ന വാഹനങ്ങളടക്കം ഗതാഗത കുരുക്കിൽ അകപ്പെടാറുണ്ട്. ഇരവിപുരം റെയിൽവേ മേൽപാലത്തിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ അതുവഴിയുള്ള യാത്രയ്ക്കും തടസ്സമുണ്ട്.
പുത്തൻ ചന്ത ഗേറ്റ് വഴി പാളം കുറുകെ കടക്കാൻ ശ്രമിച്ചാൽ അവിടെയും ഗതാഗതക്കുരുക്കാണ് വെല്ലുവിളി. കൂട്ടിക്കടയിൽ റെയിൽവേ മേൽപാലത്തിനായി അനുമതി ലഭിച്ചെങ്കിലും നിർമാണത്തിന് വർഷങ്ങളുടെ കാലതാമസം ഉണ്ടാകും. ഈ സാഹചര്യത്തിൽ കൂടുതൽ ട്രാഫിക് വാർഡന്മാരുടെ സേവനം കൂട്ടിക്കട ജംക്‌ഷനിൽ സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.