ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസ് സൗകര്യം
Mail This Article
കൊല്ലം∙ ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (ബിടിസി) പ്രത്യേക ബസ് സൗകര്യം ഒരുക്കി. എല്ലാ ശനിയാഴ്ചയും രാത്രി 9ന് കൊല്ലം ബസ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന തീർഥാടന യാത്ര ഭക്തരെ പമ്പയിൽ എത്തിച്ച് ദർശനം ശേഷം തിരികെ വരുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. നിലയ്ക്കൽ വഴി പമ്പയ്ക്കുള്ള ട്രിപ്പിന് 600 രൂപയും എരുമേലി വഴിയുള്ള യാത്രയ്ക്ക് 640 രൂപയുമാണ് ചാർജ്. ഇതുകൂടാതെ ഒരു ബസ് പൂർണമായും ബുക്ക് ചെയ്യുന്ന ഗ്രൂപ്പിന് അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിന്നും യാത്രക്കാരെ കയറ്റി തിരികെ കൊണ്ടു വിടുന്ന പാക്കേജുമുണ്ട്.
കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശാസ്താ ക്ഷേത്ര തീർഥാടനവും ഒരുക്കിയിട്ടുണ്ട്. 30, ഡിസംബർ 7, 14 തീയതികളിലാണ് ശാസ്താ ക്ഷേത്ര തീർഥാടനം. രാവിലെ അഞ്ചു മണിക്ക് കൊല്ലത്തു നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി ഒൻപതോടെ മടങ്ങി എത്തും. 670 രൂപയാണ് ചാർജ്. തീർഥാടന യാത്രകൾ കൂടാതെ ഡിസംബർ 15 വരെയുള്ള ഉല്ലാസ യാത്ര കലണ്ടറും ബിടിസി പ്രസിദ്ധീകരിച്ചു. 29 ന്റെ കപ്പൽ യാത്ര രാവിലെ 10ന് കൊല്ലം ബസ് സ്റ്റേഷനിൽ നിന്നും ആരംഭിക്കും.
എസി ലോഫ്‌ലോർ ബസിൽ എറണാകുളം മറൈൻഡ്രൈവിൽ എത്തിയശേഷം അവിടെനിന്നും 5 മണിക്കൂർ ക്രൂസ് കപ്പലിൽ അറബിക്കടലിൽ യാത്ര ചെയ്യുന്ന ട്രിപ്പിനു 4240 രൂപ ആണ് ചാർജ്. ഗവിയിലേക്കുള്ള 30, ഡിസംബർ 9 തീയതികളിലെ യാത്രയ്ക്ക് 1750 രൂപയാണു നിരക്ക്. ഡിസംബർ 1 നും 14 നും മെട്രോ വൈബ്‌സ് യാത്രയുണ്ട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വാട്ടർ മെട്രോ, റെയിൽ മെട്രോ, ലുലു മാൾ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് 870 രൂപയാണ് നിരക്ക്. ഡിസംബർ 7 നു ഇല്ലിക്കൽ കല്ല്, പൊന്മുടി എന്നിവയും ഡിസംബർ 8 നു വാഗമൺ, റോസ്മല എന്നീ യാത്രകളും ഉണ്ടായിരിക്കും. ഡിസംബർ 14 ന്റെ മൂന്നാർ യാത്രയ്ക്ക് 1730 രൂപയാണ് നിരക്ക്. ഫോൺ: 9747969768, 9495440444.