പുനലൂർ റെയിൽവേ സ്റ്റേഷൻ വെയ്റ്റിങ് ഹാൾ നിർമാണം തുടങ്ങി
Mail This Article
പുനലൂർ ∙ അമൃത് ഭാരത് പദ്ധതിപ്രകാരം പുനർനിർമാണം നടക്കുന്ന പുനലൂർ റെയിൽവേ സ്റ്റേഷനിൽ വിശാലമായ വെയ്റ്റിങ് ഹാൾ നിർമാണം തുടങ്ങി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന് ആയിരം ചതുരശ്ര അടി വിസ്തൃതിയിലാണ് വെയ്റ്റിങ് ഹാൾ നിർമിക്കുന്നത്. എസി നോൺ എസി വിഭാഗങ്ങൾക്കായി പ്രത്യേകം സൗകര്യം ഏർപ്പെടുത്തണമെന്ന് നേരത്തെ നിർദേശം ഉണ്ടായിരുന്നു.
ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കെട്ടിടത്തിന്റെ പില്ലറുകൾ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പണികളാണ് തുടങ്ങിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ലിഫ്റ്റിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. നിലവിലെ സ്റ്റേഷൻ ഗ്രൗണ്ടിന്റെ മുന്നിൽ കൂറ്റൻ കവാടത്തിന്റെ നിർമാണവും ആരംഭിച്ചുകഴിഞ്ഞു. നിലവിൽ പാർക്കിങ് ഗ്രൗണ്ടിലേക്ക് സാധനങ്ങളുമായി വാഹനങ്ങൾ എത്തിക്കുന്നതിനുള്ള സൗകര്യം നിലച്ചിരിക്കുകയാണ്.
കൊല്ലം ചെങ്കോട്ട പാതയിൽ കൊല്ലം കഴിഞ്ഞാൽ ആദ്യമായി അമൃത് ഭാരത് പദ്ധതി പ്രകാരം പുനർനിർമാണ പട്ടികയിൽ ആദ്യമായി ഇടം പിടിച്ചത് പുനലൂർ സ്റ്റേഷനാണ്. 5 മാസം മുൻപ് ചെങ്കോട്ട പുനലൂർ പാത സമ്പൂർണമായി വൈദ്യുതീകരിച്ച കമ്മിഷൻ ചെയ്തതോടെ കൂടുതൽ സർവീസുകളാണ് ഇതുവഴി വരുന്നത്.
നിലവിൽ ചെന്നൈ–എഗ്മൂർ– കൊല്ലം എക്സ്പ്രസ്, പാലക്കാട് –തിരുനെൽവേലി പാലരുവി എക്സ്പ്രസ്, മധുര –ഗുരുവായൂർ ട്രെയിൻ, താംബരം –തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷൽ ട്രെയിൻ, പുനലൂർ –മധുര എക്സ്പ്രസ്, എറണാകുളം –വേളാങ്കണ്ണി എക്സ്പ്രസ്, കൊല്ലം –പുനലൂർ മെമു സർവീസ്, പുനലൂർ കന്യാകുമാരി പാസഞ്ചർ ട്രെയിൻ എന്നിവയാണ് പുനലൂരുമായി ബന്ധപ്പെട്ട സർവീസ് നടത്തുന്ന ട്രെയിനുകൾ.