ആനകുളത്ത് പുലിയും മുമ്മൂലയിൽ മ്ലാവും; ആശ്വാസം അകലെ, ആശങ്ക അരികെ
Mail This Article
പുന്നല∙ അലിമുക്ക് ആനകുളത്ത് പുലിയും മുമ്മൂലയിൽ മ്ലാവും വന്നതോടെ തേവലക്കരയിൽ വീണ്ടും ആശങ്ക. ഒരു പുലി കൂട്ടിലകപ്പെട്ടതോടെ ആശ്വസിച്ചിരുന്ന പ്രദേശവാസികൾ വന്യജീവി ഭയത്തിലാണ് വീണ്ടും. ആനകുളം ക്ഷേത്രത്തിനു സമീപത്തായാണ് പുലിയിറങ്ങിയത്. ഇവിടെ പതിവായി പുലിയിറങ്ങി വളർത്തു മൃഗങ്ങളെയും തെരുവു നായ്ക്കളെയും പിടിക്കുന്നതായി നാട്ടുകാർ പറയുന്നു.
ഇതിനിടയിലാണ് ഇന്നലെ പുലർച്ചെ കനാലിൽ മ്ലാവ് വീണത്. പുന്നല മുമ്മൂല ഭാഗത്ത് വീണ രണ്ട് മ്ലാവുകളിൽ ഒരെണ്ണം തനിയെ കരയിൽ കയറി പോയി. രാവിലെ വനപാലകരെത്തിയാണ് ഒരെണ്ണത്തിനെ കയറ്റിയത്. കനാലിൽ വെള്ളമില്ലാത്തിനാൽ മ്ലാവിന്റെ ശരീരം നിറയെ പരുക്കുപറ്റി. വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് പതിവാകുന്നത് ജനങ്ങളിൽ ഭീതി നിറക്കുകയാണ്. വനവുമായി ഏറെ അകലെയായിട്ടും ചാച്ചിപ്പുന്ന ഭാഗത്ത് കാട്ടനയെത്തിയിട്ട് ദിവസങ്ങൾ മാത്രം. വന്യജീവികൾ നാട്ടിലിറങ്ങാതിരിക്കാൻ സത്വരമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.