ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് ഒരു വർഷം: പ്രതിഭാഗം വാദം 4 നു തുടങ്ങും
Mail This Article
കൊല്ലം ∙ ഓയൂർ ഓട്ടുമലയിൽ നിന്നു 6 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് ഇന്ന് ഒരുവർഷം തികയുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ ചേർന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണു കേസ്. പ്രതികൾ കോടതിയിൽ ഹാജരാകുന്നതിനല്ലാതെ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ ജാമ്യത്തിലാണ്. പ്രതികളെ അറസ്റ്റ് ചെയ്തു 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ.ജി.മോഹൻരാജിനെ നിയമിക്കുകയും ചെയ്തു. ഒന്നാം അഡിഷനൽ സെഷൻസ് കോടതി മുൻപാകെ കുറ്റപത്രം സംബന്ധിച്ചു പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതിഭാഗം വാദം ഡിസംബർ 4 നു തുടങ്ങും.
കുറ്റപത്രം സംബന്ധിച്ച് പ്രോസിക്യൂഷൻ വാദം തുടങ്ങുമ്പോഴാണു കുട്ടിയെ തട്ടിക്കൊണ്ടുപോകുമ്പോൾ കാറിൽ 4 പേർ ഉണ്ടായിരുന്നതായി ദൃക്സാക്ഷിയായ മകൻ പറഞ്ഞിരുന്നു എന്ന പരാമർശം കുട്ടിയുടെ പിതാവിന്റെ ഭാഗത്തു നിന്നുണ്ടായത്. തുടർന്ന് കോടതിയുടെ അനുമതിയോടെ തുടരന്വേഷണം നടത്തി. ഇതിന്റെ റിപ്പോർട്ടും പിതാവിന്റെ രഹസ്യ മൊഴിയും കോടതിയിൽ സമർപ്പിച്ചു. ക്രിമിനൽ ചട്ടം 164–ാം വകുപ്പ് അനുസരിച്ചാണ് കുട്ടിയുടെ പിതാവിന്റെ രഹസ്യ മൊഴിയും സമർപ്പിച്ചത്. തട്ടിക്കൊണ്ടുപോകുമ്പോൾ മകളോടൊപ്പം ഉണ്ടായിരുന്ന മകൻ അങ്ങനെ പറഞ്ഞെങ്കിലും പ്രതികൾക്കൊപ്പം മണിക്കൂറുകൾ കഴിഞ്ഞ മകൾ 3 പേർ മാത്രമാണുണ്ടായിരുന്നതെന്നു പറഞ്ഞുവെന്നു പിതാവ് തുടർ അന്വേഷണത്തിൽ മൊഴി നൽകി.
പത്മകുമാറിന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളാണു തട്ടിക്കൊണ്ടുപോകൽ സംഭവത്തിനു പിന്നിൽ. പെൺകുട്ടിയുടെ സഹോദരനാണ് സംഭവത്തിന്റെ ദൃക്സാക്ഷി. സാക്ഷിപ്പട്ടികയിൽ നൂറിലേറെ പേരുണ്ട്. ശാസ്ത്രീയ തെളിവുകളാണ് ഏറെയും. ബാലികയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കുക, മുറിവേൽപിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 361, 363, 370(4), 323, 34, 201 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിച്ചത്..