മെമു ഷെഡിന്റെ വികസനം: സ്ഥലം ഒരുക്കൽ തുടങ്ങി
Mail This Article
കൊല്ലം ∙ സ്ഥലവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചതോടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡ് വികസനത്തിന്റെ ഭാഗമായി പരിസരത്തെ കാടുമൂടിക്കിടന്ന ഭൂമി വൃത്തിയാക്കൽ ആരംഭിച്ചു. മെമു ഷെഡിനു സമീപം മുതൽ ഫാത്തിമ മാതാ കോളജിന് മുന്നിലൂടെയുള്ള ഭാരതരാജ്ഞി പള്ളിക്ക് എതിർവശം വരെയുള്ള ഭാഗമാണ് വൃത്തിയാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ഭൂമി വൃത്തിയാക്കൽ ഏകദേശം പാതി ഭാഗത്തോളം പൂർത്തിയായിക്കഴിഞ്ഞു.
പൂർണമായി വൃത്തിയാക്കി നിലമൊരുക്കിയ ശേഷം മറ്റു പണികൾ ആരംഭിക്കും. കോർപറേഷനും റെയിൽവേയും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായി ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഈ ഭാഗം മാലിന്യക്കൂനയായി മാറിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തൊട്ട് ഭക്ഷ്യമാലിന്യം വരെ കൂടിക്കിടന്നു രൂക്ഷമായ ദുർഗന്ധവും തെരുവുനായ്ക്കളുടെ കേന്ദ്രമായും ഭാഗം മാറിയിരുന്നു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഈ ഭാഗം വരെ നീണ്ടുനിൽക്കുന്നതിനാൽ റോഡിൽ നിന്ന് ഈ വഴി മറികടന്നു ഒട്ടേറെ പേർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാറുണ്ട്.
കോർപറേഷന് ഉടമസ്ഥതയിലുള്ള ടി.എം.വർഗീസ് സ്മാരക പാർക്കായിരുന്ന 1.13 ഏക്കറുള്ള ഈ സ്ഥലം കഴിഞ്ഞ വർഷം റെയിൽവേ വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ മേയർ ഉൾപ്പെടെയുള്ളവർ എത്തി തടഞ്ഞിരുന്നു. കോർപറേഷന്റെ കൈവശ രേഖ എത്തിച്ചാണ് അന്ന് തർക്കം പരിഹരിച്ചത്. ഈ സ്ഥലം വിട്ടു നൽകിയാൽ പകരം സ്ഥലം നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷത്തിലേറെ കോർപറേഷനും റെയിൽവേയും തമ്മിൽ തർക്കം നിലനിന്നിരുന്നു. പിന്നീട് കഴിഞ്ഞ മാസം ചേർന്ന യോഗത്തിലാണ് മെമു ഷെഡ് വികസനവുമായി ബന്ധപ്പെട്ട് ഫാത്തിമ മാതാ കോളജിന് മുൻവശത്തുള്ള കർബല റോഡിന്റെ സമീപത്തെ സ്ഥലം റെയിൽവേക്ക് വിട്ടു നൽകാൻ തീരുമാനമായത്. ഇതിന് പകരമായി റെയിൽവേയുടെ പുള്ളിക്കടയിലെ സ്ഥലം കോർപറേഷന് കൈമാറും. തിരുവനന്തപുരം ഡിവിഷനിലെ മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്ക് ഉൾപ്പെടെയുള്ള ജോലികൾക്കാണ് 24 കോടി ചെലവിൽ മെമു ഷെഡ് വികസിപ്പിക്കുന്നത്.
കോർപറേഷൻ വക സ്ഥലം നൽകിയാൽ 16 കോച്ചുകൾ വരെയുള്ള മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ കൊല്ലം ഷെഡിൽ പൂർത്തിയാക്കാനാകും. ലഭ്യമായ സ്ഥലത്ത് നിലവിൽ നിർമാണം പുരോഗമിക്കുന്നുണ്ട്. മെമു ഷെഡിന്റെ വികസനം യാഥാർഥ്യമായാൽ ഡിവിഷനിൽ കൂടുതൽ മെമു ട്രെയിനുകൾ ഓടിക്കാനാകും.മെമു ഷെഡ് വികസനത്തിലൂടെ ഇൻസ്പെക്‌ഷൻ ഷെഡ്, റിപ്പയർ ഷെഡ്, സർവീസിങ് കെട്ടിടം, വാഷിങ് പിറ്റ്, വീൽ ലെയ്ത് ഷെഡ് തുടങ്ങിയവ ലഭ്യമാകും. നിലവിൽ ചില ജോലികൾ കൊച്ചുവേളി സ്റ്റേഷനിലാണ് നടത്തുന്നത്. മെമു തീവണ്ടികളുടെ പരിഷ്കൃത രൂപമായ വന്ദേ മെട്രോയും കൊല്ലത്തു നിന്ന് സർവീസ് തുടങ്ങാനുള്ള ആലോചനകളും നടക്കുന്നുണ്ട്. മെമു ഷെഡ് വികസനം യാഥാർഥ്യമാകുന്നതോടെ റെയിൽവേ മേഖലയിൽ കൊല്ലത്തിന് വലിയ കുതിച്ചുചാട്ടം നടത്താൻ സാധിച്ചേക്കും.