ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ: യാത്രക്കാരും വരുമാനവും ഏറെ; എന്നിട്ടും അവഗണന മാത്രം
Mail This Article
ശാസ്താംകോട്ട ∙ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിലാണെങ്കിലും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് അർഹമായ പരിഗണന ലഭിക്കുന്നില്ല. ദീർഘദൂര ട്രെയിനുകളും ആലപ്പുഴ വഴിയുള്ള എക്സ്പ്രസുകളും ഇവിടെ നിർത്താറില്ല. വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ ആയിരക്കണക്കിനു യാത്രക്കാർ പതിവായി ആശ്രയിക്കുന്ന സ്റ്റേഷൻ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയിൽ മൂന്നാം സ്ഥാനത്താണ്. വരുമാനം കുറഞ്ഞ മറ്റ് സ്റ്റേഷനുകളിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചെങ്കിലും ശാസ്താംകോട്ടയെ പരിഗണിച്ചില്ല.
പ്ലാറ്റ്ഫോമുകൾ നവീകരിക്കാത്തതും ആവശ്യത്തിനു ഇരിപ്പിടങ്ങളും ഷെൽറ്ററുകളും ഉറപ്പാക്കാത്തതും പ്രധാന പോരായ്മയാണ്. പ്രധാന റോഡിൽ നിന്നും അകലെയുള്ള സ്റ്റേഷനിലേക്കുള്ള റോഡുകൾ തകർന്നു കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമായി. സ്റ്റേഷനിലേക്ക് ബസ് സർവീസുകളുമില്ല. സമഗ്ര വികസനം ഉറപ്പാക്കിയാൽ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ ഭക്തർക്ക് ഉൾപ്പെടെ ഇവിടെയെത്തി പ്രധാന ശാസ്താ ക്ഷേത്രമായ ശാസ്താംകോട്ട ധർമശാസ്താക്ഷേത്രത്തിൽ തൊഴുത് ശബരിമലയിലേക്ക് പോകാനും കഴിയും. തടാകം കാണാൻ എത്തുന്ന സഞ്ചാരികൾക്കും സഹായകരമാകും.
പ്രധാന ആവശ്യങ്ങൾ
1. ഇന്റർസിറ്റി, ഏറനാട്, മാവേലി, ജയന്തി, അമൃത, ശബരി എക്സ്പ്രസുകൾക്ക് സ്റ്റോപ് അനുവദിക്കണം.
2. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം.
3. ടിക്കറ്റിനും റിസർവേഷനും പ്രത്യേക കൗണ്ടറുകൾ ഉറപ്പാക്കണം.
4. സ്റ്റേഷനിലേക്കുള്ള റോഡുകൾ നവീകരിക്കണം.
5. ട്രെയിനുകളുടെ സമയക്രമം അനുസരിച്ച് സ്റ്റേഷനിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ ഉറപ്പാക്കണം.