കൊട്ടിയം - പന്തളം സംസ്ഥാന പാത വേണമെന്ന് ആവശ്യം
Mail This Article
കൊല്ലം ∙ ദേശീയപാത 66 എംസി റോഡ് – കെപി റോഡ് എന്നിവയെ ബന്ധിപ്പിച്ചു കൊട്ടിയം - പന്തളം സംസ്ഥാന പാതയ്ക്കു രൂപം നൽകണമെന്ന് ആവശ്യമുയരുന്നു. ദേശീയപാത 66 ൽ കൊട്ടിയത്തു നിന്നാരംഭിച്ചു കണ്ണനല്ലൂർ, കുണ്ടറ, ചിറ്റുമല, കിഴക്കേകല്ലട, ചീക്കൽക്കടവ്, നെടിയവിള, ഏഴാംമൈൽ, ഇടയ്‌ക്കാട്, തെങ്ങമം, പള്ളിക്കൽ വഴി കെപി റോഡിൽ പഴകുളത്ത് എത്തിചേർന്നു കുരുമ്പാലയിലൂടെ എംസി റോഡിൽ പന്തളത്തു സമാപിക്കുന്നതാണു നിർദിഷ്‌ട പാത.
കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെ കടന്നു പോകുന്ന പാത ഏത് അടിയന്തര ഘട്ടത്തിലും എംസി റോഡിനും ദേശീയ പാതയ്‌ക്കും സമാന്തരമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. കോട്ടയത്തിനും തിരികെ തിരുവനന്തപുരത്തിനും എളുപ്പം യാത്ര ചെയ്യാനും പ്രയോജനപ്പെടും. കുണ്ടറയിൽ കൊല്ലം-കൊട്ടാരക്കര-ചെങ്കോട്ട ദേശീയപാതയിലൂടെയും ഏഴാംമൈലിൽ നിർദിഷ്‌ട ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയ പാതയിലൂടെയുമാണു പാത കടന്നു പോകുന്നത്.
ഏഴാംമൈലിൽ നിന്നു ഭരണിക്കാവ്, ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്ക് അടൂർ, പത്തനംതിട്ട, ശബരിമല ഭാഗത്തേക്കും പോകാം. പഴകുളത്ത് എത്തിയാൽ കറ്റാനം, നൂറനാട്, കായംകുളം ഭാഗത്തേക്കും അടൂർ ഭാഗത്തേക്കും പോകാം. പന്തളത്ത് എംസി റോഡിൽ എത്തുന്നതോടെ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൊടുപുഴ ഭാഗത്തേക്കും കിലോമീറ്ററുകൾ ലാഭിച്ചു സുഗമമായി യാത്ര ചെയ്യാം. ഇവിടെ നിന്നു റാന്നി, അടൂർ റൂട്ടിലേക്കും എളുപ്പം പോകാം.
പന്തളത്ത് എത്തിയാൽ എംസി റോഡ് വഴി പെരുമ്പാവൂർ, അങ്കമാലി, എറണാകുളം എന്നിവിടങ്ങളിലേക്ക് എളുപ്പം യാത്ര ചെയ്യാം. പാത യാഥാർഥ്യമായാൽ അനവധി ഗ്രാമപ്രദേശങ്ങളുടെ പുരോഗതിക്കും കൂടുതൽ ഗതാഗത സൗകര്യം കൈവരിക്കുന്നതിനും സഹായിക്കും. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കു തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എളുപ്പം എത്തിച്ചേരുന്നതിനും പാത ഉപകരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പന്തളം നഗരസഭ, പഴകുളം, പള്ളിക്കൽ, പോരുവഴി, കുന്നത്തൂർ, കിഴക്കേകല്ലട, കുണ്ടറ, ഇളമ്പള്ളൂർ, തൃക്കോവിൽവട്ടം, മയ്യനാട് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലൂടെയുമാണു നിർദിഷ്ട പാത കടന്നു പോകുന്നത്.