രാത്രികാലങ്ങളിൽ ഭീതി പരത്തി സാമൂഹികവിരുദ്ധന്റെ വിളയാട്ടം
Mail This Article
അഞ്ചാലുംമൂട് ∙ തൃക്കരുവ പഞ്ചായത്തിലെ ആലുവിള, ആയുർവേദ ആശുപത്രി പരിസര പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ഭീതി പരത്തി സാമൂഹികവിരുദ്ധന്റെ വിളയാട്ടം. നാട്ടുകാരുടെ ഉറക്കം കളയുന്ന സമൂഹ വിരുദ്ധനെ പിടികൂടാൻ തക്കം പാർത്ത് നാട്ടുകാർ. കഴിഞ്ഞ ഒരാഴ്ചയായി രാത്രി സമയങ്ങളിൽ വീടുകളുടെ കതകിൽ മുട്ടി വിളിക്കുക. വീടുകൾക്ക് സമീപം പതുങ്ങിയിരുന്ന് വീട്ടുകാർക്ക് മുന്നിലേക്ക് ചാടി വീണ് ഭീതിപ്പെടുത്തുക തുടങ്ങിയ സംഭവങ്ങൾ അരങ്ങേറുകയാണ്.
ഇരുട്ടിന്റെ മറവിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയാണ് ഇയാളുടെ പരാക്രമം. പ്രദേശത്ത് മോഷണമോ മോഷണശ്രമമോ ഉണ്ടായതായി പരാതി ഇല്ല. രാത്രി സമയങ്ങളിൽ വീടുകൾക്ക് സമീപം കറുത്ത വസ്ത്രം ധരിച്ച ആളെ കണ്ടതായി നാട്ടുകാർ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചാലുംമൂട് പൊലീസിന്റെ സഹായം തേടിയെങ്കിലും രക്ഷയില്ലാതെ വന്നതോടെ ഇപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് രാത്രി പലയിടങ്ങളിലായി കാവലിരിക്കുകയാണ്.